Thursday, January 8, 2009

മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???

പുതിയതായ ഒരു മാധ്യമ സംസ്കാരം ഇവിടെ ഉദയം ചെയ്യേണ്ടിയിരിക്കുന്നുവോ? ഉവ്വ് എന്നാണു എന്റെ അഭിപ്രായം. കഴിഞ്ഞ കുറെ കാലങ്ങളായി, പ്രത്യേകിച്ച് 2008-ല്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും: മലയാളികള്‍ പത്രം വാങ്ങിച്ചതും വായിച്ചതും ടെലിവിഷന് മുന്‍പില്‍ വാര്ത്തകള്‍ക്കായി ചെലവഴിച്ചതുമൊക്കെ "വിവാദങ്ങള്‍" കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു.. അല്ലെങ്കില്‍, ഒരു "പരധൂഷണ" സംസ്കാരം വളര്തിയെടുക്കുന്നതിലേക്ക് മാത്രമാണ് നമ്മുടെ മാധ്യമങ്ങള്‍ വിജയിച്ചത്.. അല്ലെങ്കില് നമുക്കു മുന്‍പില്‍ പരവതീകരിച്ചു കാണിക്കപ്പെടുന്ന പല വാര്‍ത്തകളും, ഈ "പരധൂഷണ കുശുകുശുക്കല്‍" സംസ്കാരതിനപ്പുരതെക്ക് വളരാന്‍ യോഗ്യത ഉള്ളവ ആയിരുന്നില്ല.

ഇക്കഴിഞ്ഞ കുറെ കാലങ്ങളില്‍ മലയാളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ചില വിഷയങ്ങള്‍ ശ്രദ്ധിക്കു!

1. മത്തായി ചാക്കോയുടെ അന്ത്യകൂദാശ:
ആഴ്ചകളോളം മാധ്യമങ്ങളുടെ മുന്‍പേജില്‍ തന്നെ നിറഞ്ഞു നിന്ന ഈ വാര്‍ത്തഅയോടോന്നിച്ചു പിണറായിയുടെ പ്രസിദ്ധമായ "നികൃഷ്ട ജീവി" പ്രയോഗവും കേരള സമൂഹം താല്‍പ്പര്യത്തോടെ കേട്ടിരുന്നു.. പുത്തിയ വിവാദങ്ങള്‍ വന്നപ്പോള്‍ ഇതും മറഞ്ഞുപോയി..


2. സ്വാശ്രയ പ്രശ്നം:
വളരെ ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യേണ്ടിയിരുന്ന ഈ പ്രശ്നം മാധ്യമങ്ങള്‍ പക്ഷെ പ്രധാനമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രിസ്ത്യന്‍ മാനെജ്മെന്റ്കളുമായുള്ള ഒരു പ്രശ്നം എന്ന നിലയില്‍ അവതരിപ്പിച്ചു.. രണ്ടു കക്ഷികളും തമ്മിലുള്ള ആരോപണ പ്രത്യാരോപനങ്ങലും ചെളി വാരി ഏറിയാലും മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ അലന്കരിച്ചു.. പക്ഷെ ഇതിനിടയില്‍ പെട്ടുപോകുന്ന പാവം വിധ്യാര്തികളെ ആരും മൈന്‍ഡ് ചെയ്തില്ല എന്ന് വേണം കരുതാന്‍. ഏകജാലകവും ഫീസും ഒക്കെക്കൂടി വിധ്യാര്തികളെ ക്ലാസ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ തോല്‍പ്പിച്ചപ്പോള്‍, അതിനെതിരെ ശബ്ധമുയര്താന്‍ ആരുമുണ്ടായില്ല. സവിശേഷമായ ഈ പര്ശ്നതിലേക്ക് വ്യക്തവും സുധൃടവുമായ ഒരു പൊതു അഭിപ്രായ രൂപീകരണം നടത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതായിരുന്നു.. പക്ഷെ, പല നേതാക്കന്മാരുടെയും വിദ്യാഭ്യാസ വിരുദ്ധത അവരുടെ പ്രകടനങ്ങളില്‍ നിറഞ്ഞു നിന്നു.

3. വെറുക്കപ്പെട്ടവന്‍ ഫാരിസ്... വെറുക്കപ്പെടാത്ത മുഖ്യമന്ത്രി..!!
കേരള മുഖ്യന്‍ ഒരു പുത്തന്‍ കൂടു പണക്കാരനെ "വെറുക്കപ്പെട്ടവന്‍" എന്ന് വിളിച്ചപ്പോള്‍ അതും ഒരു വാര്ത്ത ആയി.. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ചാനല്‍ തന്നെ "വെറുക്കപ്പെട്ടവന്റെ" പി.ആര്‍.ഓ. ആയി മാറി അഭിമുഖം നടത്തി ഫാരിസിനെ സ്റാര്‍ ആക്കി പൊതുജനത്തിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ അത് ഭരണത്തിലെ മുഖ്യനും പാര്‍ടിയിലെ മുഖ്യനും തമ്മിലുള്ള പോരിലെ പുതിയ ഏടുകളായി ചിത്രീകരിക്കാനും മാധ്യമങ്ങള്‍ മല്‍സരിച്ചു.. ഒരു സംഭാവനയും, മുഖ്യമന്ത്രിയുടെ ഒരു കമന്റും മാത്രാവേണ്ടിയുര്‍ന്ന സംഭവം മറ്റെന്തൊക്കെയോ ആയി മാറി എന്ന് ചുരുക്കം..

4. സന്തോഷ് മാധവനും മറ്റു സ്വാമിമാരും..
പണമിടപാടില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു സ്വാമി ഒരു പ്രമുഖ ടെലിവിഷന്‍ രാജ്യത്തിന് വേണ്ടി രാജ്യത്തിന്രാജ്യത്തിന്രാജ്യത്തിന് രാജ്യത്തിന് മിടുക്കന്‍ ആയി രാജ്യ ജീവന്‍ ബലി പോലിസ് കസ്ടടിയില്‍ ആയി.. ആസാമിമാരുടെ കഷ്ടകാലം ആയിരുന്നു പിന്നെടങ്ങോട്ടു.. കേരളത്തിലങ്ങോലമിങ്ങോളം ഒട്ടേറെ സ്വാമിമാര്‍ നടത്തിക്കൊണ്ടിരുന്നു തട്ടിപ്പ് കഥകള്‍ പുറത്തായി.. കഥകള്‍ പുറത്ത് ആകുന്നതിനനുസരിച്ചു സ്വാമിമാര്‍ അകത്തയിക്കൊണ്ടിരുന്നു.. എന്തായാലും കപട ആത്മീയതക്ക് പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന മലയാളികളില്‍ ഒരു വിഭാഗത്തിന് തല്‍ക്കാലം രക്ഷപെടാനുള്ള ഒരു വഴികൂടി ആയി ഇത്തരം സംഭവങ്ങള്‍. സന്യാസിമാരുടെ "നീല കഥകള്‍" നീലച്ചിത്രങ്ങളുടെ ഭാവനയോടെ മാധ്യമങ്ങള്‍ വിവരിച്ചപ്പോള്‍ സമൂഹം കാതു കൂര്‍പ്പിച്ചിരുന്നു..

5. ഭീകരവാദമല്ല, പട്ടി തന്നെ താരം!

രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ച ധീര സെനാനായകരെക്കാള്‍, കേരളത്തില്‍ എങ്കിലും, പ്രധാന വാര്ത്ത ആയതു മുഖ്യമന്ത്രിയുടെ "പട്ടി പ്രയോഗം ആയിരുന്നു. മുഖ്യമന്ത്രി പറഞ്ഞതിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ (ഒരു സാധാരണക്കാരന്റെ വായില്‍നിന്നു സാധാരണയായി കേള്‍ക്കുന്നതില്‍ കവിഞ്ഞൊന്നും മുഖ്യമന്ത്രി പറഞ്ഞില്ല എന്നതാണ് സത്യം), ഇതിനെ പറ്റിഅഭിപ്രായം പറയാനും ഒന്നുമല്ലാതായി പോകേണ്ടിയിരുന്ന ഒരു പരാമര്‍ശത്തെ ഒരു വന്‍ വിവാദമാക്കുന്നതിനും നമ്മുടെ വാര്‍ത്താ ചാനലുകളും, സാംസ്കാരിക നായകന്മാരും, പ്രതിപക്ഷവും (അത് പിന്നെ അവരുടെ കര്‍ത്തവ്യം ആണല്ലോ)... മല്സരിച്ച്ചുകൊന്ടെയിരുന്നു.. ചാനലുകള്‍ നേടുന്കാന്‍ "ടോക് ഷോ" കള്‍ തന്നെ സംഘടിപ്പിച്ചു.. പുതിയ വിവാദം വരുന്നതു വരെയേ ഇതിന് ആയുസ്സുണ്ടായിരുന്നുള്ളൂ.

അപ്പോള്‍ ഇതിനിടിയില്‍ നല്ലതൊന്നും സംഭവിച്ചില്ല എന്നാണോ..? തീര്ച്ചയായും അല്ല.. നമുക്കു ചുറ്റും ഒട്ടേറെ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.. പക്ഷെ അതൊക്കെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങള്ക്ക് മുന്‍പില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രമിക്കുക എങ്കിലും ചെയ്യേണ്ടതായിരുന്നു. മാത്രമല്ല, വികസനം, സമൂഹ നന്മ്മ, ഭരണ പരിഷ്കാരങ്ങള്‍, ഭരണ രണ്ങങ്ങളിലെ അഴിമതികള്‍ തുടങ്ങി സമൂഹത്തെ മൊത്തം ബാധിക്കുന്ന പ്രശ്നങ്ങള്‍ വേണ്ട രീതിയില്‍ റിപ്പോര്ട്ട് ചെയ്യുന്നതിലും, തദ്വാര കേരള സമൂഹത്തിന്റെ പൊതുവായ ഒരു അഭിപ്രായ രൂപീകരണം നടത്തുന്നതിലും നമ്മുടെ മാധ്യമങ്ങള്‍ അമ്പേ പരാജയപ്പെട്ടു..

നമ്മുടെ മുമ്പില്‍ തന്നെ പല നിലവാരത്തിലുള്ള പ്രസിദ്ധീകരണങ്ങള്‍ നിലവില്‍ ഉണ്ട്.. കൊച്ചുപുസ്തകങ്ങള്‍ എന്നൊക്കെ വിളിക്കപ്പെടുന്നവ മുതല്‍ ക്രൈം, ഫയര്‍ തുടങ്ങി നിലവാരമില്ലാത്ത പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ നിരത്തുന്ന പ്രസിദ്ധീകരാണങ്ങള് വരെ. പക്ഷെ ഇവയേക്കാളൊക്കെ വലിയ ദോഷമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്പ്പര്യത്തെ മാത്രം മുന്‍ നിര്ത്തിയുള്ള വിവാദ വല്ക്കരനങ്ങളിലൂടെ സമൂഹത്തോട് ചെയ്യുന്നത്.

വിവാദങ്ങള്‍ മാത്രം അറിയാനാണോ നമ്മള്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നത്... ഇതിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നമ്മളെ ഓരോരുത്തരെയും ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്.. അവയൊക്കെ അറിയണം എന്നുന്ടെന്കില്‍ പൊതുജനങ്ങളായ നമ്മുടെ മാധ്യമ സംസ്കാരം ആണ് മാറേണ്ടത്.. വിലകൊടുത്തു പത്രം വാങ്ങുന്നവന്‍ തനിക്ക് "ആവശ്യമായ" വാര്‍ത്തകള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.. പക്ഷെ അതെങ്ങിനെ..? അതിനെക്കുറിച്ച് നാമോരോരുത്തരും ചിന്തിക്കെണ്ടിയിരിക്കുന്നു..

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.. !!

Monday, January 5, 2009

അഭയ കേസ്!

സിസ്റര്‍ അഭയയുടെ മരണം സംബന്ധിച്ച് നടന്നുവരുന്ന പൊതുജന, മാധ്യമ, കോടതി വിചാരണകള്‍ ശ്രദ്ധേയം ആണ്..! ഇതൊരു കൊലപാതകം ആണെന്ന കാര്യത്തില്‍ ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിനും, മരണം നടന്നു ഒരു മാസത്തിനകം അന്വേഷണം ആരംഭിച്ച ക്രൈം ബ്രാന്ചിനും അല്ലാതെ ആര്കെന്കിലും സംശയം ഉണ്ടെന്നു തോന്നുന്നില്ല.. എന്നാല്‍ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷവും കേരള സമൂഹം, പ്രത്യേകിച്ച് മാധ്യമങ്ങള്‍, ഈ കേസിന് പിന്നാലെ പോകുന്നതിനു പിന്നില്‍ രണ്ടേ രണ്ടു കാര്യങ്ങളെ ഉള്ളു:

1. ഒരു കന്യാസ്ത്രീയുടെ അസാധാരണമായ കൊലപാതകം.
2. ആരംഭം മുതല്‍ തന്നെ ആരൊക്കെയോ കൊലപാതകികള്‍ ആയി വിരല്‍ ചൂണ്ടി കാനിച്ചുകൊണ്ടിരിക്കുന്ന രണ്ടു പുരോഹിതന്മാരും ഒരു കന്യാസ്ത്രീയും.

മേല്‍പ്പറഞ്ഞ രണ്ടു കാരണങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് പണ്ടേ തെഞ്ഞുമാഞ്ഞു പോയേനെ എന്ന കാര്യത്തില്‍ ആര്ക്കെന്കിലും സംശയം ഉണ്ടെന്നു തോന്നുന്നില്ല.

യഥാര്ത്ഥ കൊലയാളികള്‍ ആരുമായിക്കൊള്ളട്ടെ, അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം! അത് വൈദീകര്‍ ആയാലും, കന്യാസ്ത്രീ ആയാലും, ഇനി മെത്രാനച്ചന്‍ തന്നെ ആയാലും!

പക്ഷെ എനിക്ക് മനസ്സിലാകാത്ത ചില കാര്യങ്ങള്‍ ഉണ്ട്

1. ഇന്നു സി.ബി.ഐ. പറയുന്ന എല്ലാ കാര്യങ്ങളും (അച്ചന്മാരും കന്യാസ്ത്രീയും തമ്മില്‍ ഉണ്ടെന്നു പറയപ്പെടുന്നു അവിഹിത ബന്ധങ്ങള്‍, അരുതാത്തത് കണ്ട സിസ്റ്റര്‍ അഭയ, അച്ഛന്മാരിലോരാല്‍ തലക്കടിക്കുന്നു, എല്ലാവരും കൂടി ചേര്ന്നു സിസ്റ്റര്‍ അഭയയെ കിണറ്റില ഇടുന്നു) വളരെ നേരത്തെ മുതല്‍ കേള്‍ക്കുന്നവ തന്നെ ആണ്. നാര്‍ക്കോ അനാലിസിസ്‌, പോളിഗ്രാഫ് തുടങ്ങിയ ടെസ്റ്റുകള്‍ നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്നൊന്നും കണക്കാക്കാതിര്ന്ന തെളിവുകള്‍ ഇന്നെങ്ങിനെ ഉണ്ടായി?
2. സാധാരണ തെളിവുകള്‍ ഉള്ള കേസുകള്‍ഇല മാത്രം ആണ് അറസ്റ്റ് നടക്കാറ്. അറസ്റ്റ് ചെയ്തതിനു ശേഷം തെളിവെടുപ്പ്.. (എന്റെ പരിമിതമായ ബുദ്ധിയില്‍ മനസ്സിലായ കാരങ്ങള്‍ ആണിത് കേട്ടോ). ഇവിടെ ആദ്യം അറസ്റ്റ് പിന്നെ തെളിവ് എന്ന രീതിയില്‍ ആണ് കാര്യങ്ങള്‍ പോകുന്നതു.. അതായത് കട്ടവന് പകരം കിട്ടിയവനെ കുറ്റവാളി ആക്കുന്ന നമ്മുടെ കേരള പോലീസിന്റെ സ്റ്റൈല്‍.

മുകളില്‍ പറഞ്ഞ, ഒന്നും രണ്ടും മൂന്നും പ്രതിസ്ഥാനത്ത് ചെര്‍ക്കപ്പെട്ടവര്‍, കൊല ചെയ്തവരനെന്കില്‍ അത് തെളിയിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപ്പെടുകയും വേണം.

പക്ഷെ സി.ബി.ഐ. ചില നിലപ്പടുകള്‍ സംശയാസ്പ്പടം ആണ് :
1. അവരുടെ ആദ്യത്തെ വാദം ഒന്നാം പ്രതിസ്ടാനതുള്ള കൊട്ടൂരച്ചന്‍ സിസ്റ്റര്‍ അഭയയയുടെ തലക്കടിച്ചു എന്നാണു.. എന്നാല്‍ അവരുടെ അവസാനത്തെ വാദം അനുസരിച്ച് മൂന്നാം പ്രതിസ്ഥാനത്തുള്ള സിസ്റ്റര്‍ സെഫി ആണ് തലക്കടിച്ചത്.. ഇതില്‍ എതാവും ശരി?
2. പയസ് ടെന്ത് കോണ്‍വെന്റില്‍ നിന്നും, ഈ സംഭവത്തിനു ശേഷം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യ്ക്ഷമായവരും, ആത്മഹത്യ ചെയ്തവരുമായവരുടെ വിവരങ്ങള്‍..? ഇതിനെക്കുറിച്ച്‌ ആരും ഒന്നും പറയുന്നില്ല..

നിങ്ങള്‍ എന്ത് പറയുന്നു?

Wednesday, December 31, 2008

പുതുവത്സരാശംസകള്‍..!!!


ഒരു വര്ഷം കൂടി കടന്നു പോകുന്ന്നു..
കണ്ണുനീരും വേദനയും,
ഒപ്പം ഒട്ടേറെ സന്തോഷങ്ങളും സമ്മാനിച്ചുകൊണ്ട്..
പുതിയ വര്‍ഷത്തില്‍ എന്തൊക്കെ ആവും
നമ്മെ കാത്തിരിക്കുക എന്നെനിക്കറിയില്ല..
കൂടുതല്‍ സന്തോഷങ്ങള്‍ ആവാം.. കൂടുതല്‍ കണ്ണുനീര്‍ ആവാം..

കൂടുതല്‍ രോഗങ്ങള്‍ ആവാം.. ഒരു പക്ഷെ മരണം തന്നെ ആവാം..
എന്നാലും ഒരാഗ്രഹം..
ഈ വര്ഷം ചെയ്യാന്‍ പറ്റാതെ പോയ നന്മകള്‍
അടുത്ത വര്‍ഷമെന്കിലും ചെയ്യാന്‍ പറ്റണം..
ഈ വര്ഷം കൊടുക്കാന്‍ നല്‍കാന്‍ പറ്റാത്ത സ്നേഹം
അടുത്ത വര്ഷം എങ്കിലും നല്‍കാന്‍ പറ്റണം...
ഈ വര്ഷം എനിക്ക് കൈമോശം വന്ന ആത്മീയമൂല്യങ്ങള്‍
അടുത്ത വര്ഷം എനിക്ക് തിരികെ പിടിക്കണം..
ഈ ഒരു പ്രത്യാശയോടെ
ഞാനും പുതുവര്‍ഷത്തെ സ്വാഗതം ചെയ്യട്ടെ!


എല്ലാവര്ക്കും പുതുവല്‍സരാശംസകള്‍..!!!!

Sunday, October 26, 2008

എന്റെ കോപ്പിയടിക്കഥകള്‍..!!!

ജീവിതത്തില്‍ പലപ്പോഴും കൊപ്പിയടിചിട്ടുള്ളവര്‍ ആണ് നമ്മില്‍ പലരും.. ഞാന്‍ തന്നെ ജീവിതത്തില്‍ പല കൊപ്പിയടികളും നടത്തിയിട്ടുണ്ട്.. അതോലോന്നു എന്റെ ഹെയര്‍ സ്റ്റൈല്‍ ആണ്.. പല സിനിമ കാണുമ്പോഴും ഞാന്‍ അതിലെ നായകന്മാരുടെ സ്റ്റൈല്‍ അടുത്ത ദിവസം തന്നെ അനുവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. കുളി കഴിഞ്ഞുടനെ ചീകുമ്പോള്‍ ചില സ്റ്റൈല്‍ ഒക്കെ തോന്നുമെന്കിലും, അല്പം കഴിഞ്ഞാല്‍ അത് വീണ്ടും യഥാര്‍ത്ഥ രൂപം പ്രാപിക്കും.. പിന്നെ അതിന് ഒരേയൊരു സ്റ്റൈല്‍ മാത്രമെ കാണ്‌.. അതേതാണ്ട് സായിബാബ സ്റ്റൈല്‍ ആണ്.. കാരണം എന്റെ തലമുടി അത്രക്കും ചുരുണ്ടതും.. ഇടതൂര്‍നതും ആയിരുന്നു.. അത് ചെറുപ്പകാലം.. പ്രവാസി ആയി വീട് വിട്ടിരങ്ങിയപ്പോള്‍ മുതല്‍ മുടി കുറേശ്ശെ ആയി പൊഴിയാന്‍ തുടങ്ങി.. അങ്ങിനെ എന്റെ തലയില്‍ മുടി ഇപ്പോള്‍ വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വസ്തു ആയി മാറിയിരിക്കുന്നു.. പ്രകൃതി സ്നേഹികള്‍ ശ്രദ്ധിക്കുന്നുണ്ടോ ആവോ.. ??

കൊപ്പിയടിയിലേക്ക് തിരിച്ചു വരാം.. നമ്മുടെ ട്രേഡ് മാര്‍ക്ക് കോപ്പിയടി ഞാന്‍ മൂന്നു പ്രാവശ്യമേ ജീവിധത്തില്‍ പരീക്ഷിചിട്ടുല്ല്.. ഒന്നാമത്തേത് ഒരു വേദപാഠ പരീക്ഷക്കായിരുന്നു.. പരീക്ഷാ ഹാളില്‍ ടീചെര്‍സ് തന്നെ ഒരു എല്ലാവരെയും കോപ്പിയടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതുപോലൊരു സാഹചര്യം... എന്റെ അടുത്തിരിക്കുന്നവന്‍ മടിയില്‍ വച്ചിരിക്കുന്ന ഒരു തുണ്ട് കടലാസില്‍ നിന്നും നോക്കി എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ആംഗ്യം കാണിച്ചു.. പേപ്പര്‍ എന്റെ കയ്യില്‍ എത്തി.. ഞാന്‍ പതുക്കെ അത് നിവര്‍ത്തി വായിച്ചു നോക്കിയപ്പോള്‍ മനസ്സിലായി ആ ഉത്തരത്തിന്റെ ചോദ്യം വന്നില്ല എന്ന്.. ഏതായാലും ഞാന്‍ ആ പേപ്പര്‍ ഉപയോഗിച്ചില്ല.. ഹാളില്‍ നിന്നും ഇറങ്ങിയ ശേഷം ഞാന്‍ അവനോടു ചോദിച്ചു.. നീ ഈ പേപ്പര്‍ ഏത് ചോദ്യത്തിനുള്ള ഉത്തരം ആയി ആണ് എഴുതിയത് എന്ന്.. അവന്റെ മറുപടി രസാവഹം ആയിരുന്നു.. അവന്‍ പറഞ്ഞതിങ്ങനെ ആണ്.. "എന്റെ കയ്യില്‍ ഒരു ചോദ്യത്തിന്റെയും ഉത്തരം ഉണ്ടായിരുന്നില്ല... പിന്നെ, ഉള്ള പേപ്പര്‍ നോക്കി എഴുതിയേക്കാം എന്നങ്ങു കരുതി, അത്ര തന്നെ.. "

രണ്ടാമത്തെ കോപ്പിയടി കൂടുതല്‍ വ്യക്തമായി ഓര്‍മ്മയില്‍ ഉണ്ട്.. പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷ നടക്കുന്ന സമയം.. ഇംഗ്ലീഷ് പരീക്ഷക്കുള്ള കവിത ഞാന്‍ ഡെസ്കില്‍ മലയാളത്തില്‍ എഴുതിയിട്ടു... (ഇന്ഗ്ലിഷില്‍ തന്നെ എഴുതിയിട്ടാല്‍ വായിച്ചെടുക്കാന്‍ ഞാന്‍ വേറെ ആരുടെ എങ്കിലും സഹായം തേടേണ്ടാതായി വന്നേനെ.. അത്രക്കുണ്ടായിരുന്നു എന്റെ ഇന്ഗ്ലിഷ് ഭാഷയോടുള്ള കമാന്ഡ് ... ) ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ആ ഭാഗം തന്നെ ചോദ്യത്തില്‍ആവശ്യപ്പെട്ടിട്ടുമുണ്ട്.. അങ്ങിനെ ആദ്യത്തെ സമ്പൂര്ണ്ണ കോപ്പിയടി നിര്‍വഹിക്കാന്‍ ഞാന്‍ തയ്യാറായി..സുപ്പര്‍വൈസര്‍ ആയി വന്നിരിക്കുന്നത് എന്റെ ക്ലാസ് ടീച്ചറും ഇംഗ്ലീഷ് ടീച്ചറും ആയ അലെക്സാന്ടെര്‍ സാര്‍ ആണ്.. എന്റെ ചേട്ടനെയും പഠിപ്പിച്ചിട്ടുണ്ട്..എന്റെ മാതാപിതാക്കളെ ഒക്കെ അറിയാം.. പോരാത്തതിന് എന്നെ വലിയ കാര്യവും ആണ്.. എന്താലും ഞാന്‍ പതുക്കെ കൃത്യത്തിലേക്ക് കടക്കാന്‍ ആരംഭിച്ചപ്പോള്‍ സാര്‍ നടന്നു നടന്നു എന്റെ തൊട്ടടുത്ത്‌ വന്നു നില്ക്കുന്നു.. പിന്നെ അവിടെ നിന്നുകൊണ്ടായി സാറിന്റെ നിരീക്ഷണം.... എന്നെ ആകെപ്പാടെ വിയര്‍ക്കാനും വിറയ്ക്കാനും തുടങ്ങി.. എന്തായാലും ഞാന്‍ ഇനി ജീവിതത്തില്‍ കോപ്പിയടിക്കില്ല എന്നൊരു തീരുമാനം (അത് പിന്നീട് ഒരിക്കല്‍ മാത്രം തെറ്റിച്ചു) എടുത്തപ്പോഴേക്കും സാര്‍ എന്റെ അടുത്തുനിന്നും നടന്നു നീങ്ങിയിരുന്നു.. എന്നെ വിശ്വാസമുള്ളതിനാല്‍ ആവാം.. സാര്‍ എന്നെ ശ്രദ്ധിക്കുകയോ ഡെസ്കില്‍ നോക്കുകയോ ചെയ്തിരുന്നില്ല, ഭാഗ്യം..

കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ഉറ്റ ചങ്ങാതി ആയിരുന്നു പ്രതാപ ചന്ദ്രന്‍.. ഞങ്ങള്‍ രണ്ടും ഒരു ക്ലാസ്സില്‍.. ഞങ്ങള്ക്ക് വേറെ അലമ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല, സിനിമ കാണുക എന്നതൊഴികെ.. അതും വളരെ കൃത്യമായി ആവശ്യത്തിനു അറ്റന്റന്‍സ് ഉണ്ടെന്നു ഉറപ്പുവരുത്തി ആയിരുന്നു ഞങ്ങളുടെ മൂവ്‌മെന്റ്സ്‌.. ചില ക്ലാസ്സില്‍ ഞങ്ങളെ ആഴ്ചകളോളം കാണുകയെ ഇല്ല.. അങ്ങിനെ ഒരു ദിവസം ഞങ്ങള്‍ രണ്ടുപേരും ഒരു ബോട്ടണി ക്ലാസില്‍ ചെന്നപ്പോള്‍ ആണ് അന്ന് ഒരു ക്ലാസ് ടെസ്റ്റ് ഉണ്ട് എന്ന് അറിയുന്നത്.. ബോട്ടണി എന്നൊരു വിഷയം ഉണ്ടെന്നല്ലാതെ അതിന്റെ മലയാളം ജന്തുശാസ്ത്രം എന്നാണോ സസ്യശാസ്ത്രം എന്നാണോ എന്ന് പോലും അറിവില്ല ഞങ്ങള്‍ രണ്ടാള്‍ക്കും.. എന്തായാലും ഇങ്ങനെ പരീക്ഷ എഴുതിന്നതിനിടയില്‍ ഞാന്‍ പതുക്കെ പ്രതാപന്റെ ഉത്തരകടലാസിലെക്കൊന്നു പാളി നോക്കി.. ഒന്നാമത്തെ ചോധ്യതിനുതരമായി "sell" എന്നെഴുതിയിരിക്കുന്നത് കണ്ടു.. അത് ശരി ആണെന്ന ആത്മവിശ്വാസവും അവന്റെ മുഖത്ത് കണ്ടു.. ഞാന്‍ അത് എന്റെ ഉത്തരക്കടലാസിലെക്കും പകര്‍ത്തി.. പക്ഷെ, എന്തോ എനിക്ക് തോന്നി.. അത് "sell" അല്ല "cell" ആണ് എന്ന്.. ഞാന്‍ "cell" എന്നെഴുതി.. ബാകി എന്തൊക്കെയോ ചുമ്മാ കുത്തിക്കുറിച്ചു.. പ്രതാപന്‍ ഒരു മാര്‍ക്ക് ഉറപ്പനെന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു.. എന്തായാലും ഉത്തരക്കടലാസ് കിട്ടിയപ്പോള്‍ എനിക്കൊരു മാര്‍ക്കും പ്രതാപന് പൂജ്യം മാര്‍ക്കും.. അവന്റെ ഉത്തരത്തിന്റെ സ്പെല്ലിംഗ് തെറ്റായിരുന്നു.. അങ്ങിനെ ലോകത്താദ്യമായി മറ്റൊരാളുടെ ഉത്തരം നോക്കി എഴുതിയ ഒരാള്‍ക്ക്‌ മറ്റേ ആളിനേക്കാള്‍ മാര്‍ക്ക് കിട്ടുന്ന സംഭവത്തില്‍ ഞാന്‍ പന്കാളി ആയി.. പിന്നീട് കോപ്പി അടിക്കെണ്ടാതായി വന്നതേ ഇല്ല.. കാരണം അധികം നാള്‍ ഞാന്‍ പഠനം തുടര്‍ന്നില്ല..

Monday, October 6, 2008

ഞാനും ഒന്നു കരഞ്ഞോട്ടെ...!!!

കണ്ണുനീര്‍ സ്ത്രീകളുടെ കുത്തക ആണെന്ന്

പറഞ്ഞമഹാന്മാരോട് ഞാന്‍ വിയോജിക്കുന്നു..

എന്ത് സുഖമാണ് ഒന്നു കരഞ്ഞു കഴിയുമ്പോള്‍..

മനസ്സില്‍ മൂടിക്കെട്ടിയ ദുഖമെല്ലാം

മഴ പോലെപെയ്തിറങ്ങി കഴിയുമ്പോള്

‍ഹൃദയത്തില്‍ തെളിഞ്ഞു വരുന്ന ആ ശാന്തത,

അത് ഏത് പൌരുഷത്തിന്റെ പേരില്‍ ആണെന്കിലും

പുരുഷന്മാര്‍ക്ക് നിഷേധിക്കുന്നത്ക്രൂരതയാണ്..

നീ ഒരു ആണല്ലേ എന്ന് പറഞ്ഞു ഞങ്ങളെ തടയല്ലേ...

എത്ര നാള്‍ ഞങ്ങള്‍ ഉള്ളിലോതുക്കും

നിങ്ങള്‍ നല്കുന്ന ദുഖഭാരങ്ങള്‍..

എവിടെ ഞങ്ങള്‍ ഇറക്കിവെക്കും

നിങ്ങള്‍ ഏല്‍പ്പിക്കുന്ന മുള്‍ക്കിരീടങ്ങള്‍..

എങ്ങിനെ ഞങ്ങള്‍ ഉണക്കിയെടുക്കും

നിങ്ങള്‍ ഏറ്റുന്ന മുറിവുകള്‍..

ഞങ്ങളും ഒന്നു കരഞ്ഞോട്ടെ..

കണ്ണുനീര്‍ ചാലിട്ടൊഴുകിക്കോട്ടേ..

മുറിവുകളെ കണ്ണുനീര്‍ കഴുകട്ടെ..

ഹൃദയഭാരം അല്പമെങ്കിലും ഒന്നു കുറഞ്ഞോട്ടെ..

ഞങ്ങളുടെ മനവും ഒന്നു തെളിഞ്ഞോട്ടെ..

ഞങ്ങളും ആ സുഖം ഒന്നനുഭവിച്ചോട്ടെ..

ഇനി ഒന്നു കരയട്ടെ ഞാന്‍...!

Monday, September 29, 2008

ആഞ്ഞിലി മരവും സൈക്കിള്‍ വാലയും പിന്നെ, ഞാനും....!...

എന്റെ ചെറുപ്പകാലത്തെ ഒരു സംഭവം ആണ്...!!

നാട്ടില്‍ എന്റെ സമപ്രായക്കാരുടെ ഒക്കെ മുന്‍പില്‍ സ്കൂളില്‍ (ക്ലാസില്‍) ഞാന്‍ ഒരു ഹീറോയ്ക്കും സീറോയ്ക്കും ഇടയ്ക്കുള്ള ഒരു ആവെറേജും പുറത്തു ഞാന്‍ ഒരു വെറും സീറോയും ആണ്.. കാരണം, ഞാന്‍ അവരെക്കാളൊക്കെ നന്നായി പഠിക്കും.. പക്ഷെ, പട്യേതര വിഷയങ്ങളില്‍ അവന്മാരാണ് മുന്‍പില്‍... ഉദാഹരണം, മരം കയറ്റം, മരത്തേലെറിയുക, വട്ടു (ഗോളി) കളി, കബഡി, നാടന്‍ പന്ത് കളി, തുടങ്ങിയ കളികള്‍.... പഠന വിഷയങ്ങളില ഞാന്‍ ജയിക്കുന്നതിന്റെ പ്രതികാരമെന്നവണ്ണം അവരെല്ലാം സംഘം ചേര്‍ന്നെന്നെ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ സ്ഥിരമായി തോല്പ്പിച്ചുവന്നു... എന്നെക്കാള്‍ പ്രായം കുറഞ്ഞവരുടെ മുന്നില്‍ പോലും ഞാന്‍ സ്ഥിരമായി തോല്ക്കാറുണ്ടായിരുന്നു എന്ന് തെല്ലഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ.

അങ്ങിനെ ഒരു അവധി ദിവസം, അടുത്തുള്ള എല്ലാ കശ്മലന്മാരും ഒരു ബന്ധുവിന്റെ കല്യാണം പ്രമാണിച്ച് മേല്പ്പറഞ്ഞ കളി വിഷയങ്ങളില്‍ നിന്നു അവധി എടുത്തു കല്ല്യാണം ആഘോഷിക്കുന്ന അസുലഭാവസരത്തില്‍ ഞാന്‍ ഒരു പുതിയ വിഷയം പഠിക്കാന്‍ തീരുമാനിച്ചു... സംഗതി ഒരു മരം കയറ്റം ആണ്... വഴിയരികില്‍ ഒരു ആഞ്ഞിലി മരം ഉണ്ട്... അതില്‍ കയറിപ്പറ്റുക എനിക്കൊഴികെ എല്ലാ അവന്മാര്‍ക്കും വളരെ എളുപ്പം... എനിക്കാണെങ്കില്‍ ഇതൊരു ബാലികേറാ മല തന്നെ.. അവന്മാര്‍ മരത്തില്‍ കയറുന്നത് കാണുമ്പോള്‍ ആണ് എനിക്ക് ചാള്‍സ് ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞാനോടും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തോടും അല്പ്പമെന്കിലും മതിപ്പു തോന്നുക... അവന്മാരുടെ മരം കയറ്റം കണ്ടാല്‍ കുരങ്ങന്മാര്‍ ഇവന്മാരുടെ പൂര്‍വികന്മാര്‍ അല്ല, ഇവന്മ്മാര്‍ തന്നെ ആ ജെനുസ്സില്‍ പെട്ടവരല്ലെ എന്ന് സംശയം തോന്നും... അവന്മാര്‍ മരത്തില്‍ കയറി ആനിക്കാവിള പറിച്ചു തിന്നുമ്പോള്‍, ഞാനിങ്ങനെ ഇരച്ച്തിക്കടയുടെ മുന്‍പില്‍ പട്ടി നില്‍ക്കുന്നതുപോലെ, മുകളിലേക്ക് നോക്കി ഒരു തരം ആക്രാന്തത്തോടെ നില്ക്കും.. ഇടക്കെപ്പോലെന്കിലും അവന്മാര്‍ക്ക് ദയ തോന്നി എന്തെങ്കിലും താഴേക്കെറിഞ്ഞു തന്നാലെ എനിക്ക് കിട്ടു.. ചിലപ്പോള്‍ അവര്‍ ആനിക്കാവിള പറിച്ചു തൊണ്ട് മാത്രമായി പൊളിച്ചെടുത്ത് എനിക്ക് താഴെക്കിട്ടുതരും... പ്രതീക്ഷയോടെ ക്യാച്ച് എടുക്കുന്ന ഞാന്‍ തൊണ്ട് മാത്രം കണ്ടു ഇളഭ്യനാകും... തിരിച്ചു വല്ല തെറിയും പറഞ്ഞാല്‍ നഷ്ട്ടപ്പെട്ടെക്കാവുന്ന ആനിക്കാവിലകളെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ സംയമനം പാലിക്കും..... ഇനി മനസ്സില്‍ അവന്മാരെ രണ്ടു തെറി പറഞ്ഞാലും, പുറമെ അവരെ ചിരിച്ചു തന്നെ കാണിക്കും.... നിന്റെ തമാശ എനിക്ക് നന്നായിട്ട് ബോധിച്ചു‌ എന്നമട്ടില്‍.....

അങ്ങിനെ എന്തായാലും ഞാന്‍ ഒന്നു കയറാന്‍ തന്നെ തീരുമാനിച്ചു... ഒന്നു കാലേല്‍ പിടിച്ചു വലിച്ചു താഴെ ഇടാന്‍ ഒരുത്തനും ഇല്ല.... പോരാത്തതിന് ആനിക്കാ വിളഞ്ഞു കിടക്കുന്ന കാലവും... അങ്ങിനെ ആ മഹാ ദിനത്തില്‍ ഉച്ചയോടു , ഒരുതരത്തില്‍ ഞാന്‍ ആഞ്ഞിലി മരത്തില്‍ കയറിപ്പറ്റി, സുഖമായി, സ്വസ്ഥമായി ആനിക്കാവിളകള്‍ ഓരോന്നായി പറിച്ചു തിന്നു തുടങ്ങി... എന്തോ ഒരു വാശി പോലായിരുന്നു എനിക്ക്... എന്നെ സ്ഥിരമായി തോല്പ്പിക്കുന്നവന്മാര്‍ക്കായി ഞാന്‍ ഒരു വിള പോലും ബാക്കി വാക്കില്ല എന്ന ധൃടനിശ്ച്ച്ചയത്തോടെ അങ്ങിനെ എന്റെ തീറ്റ തുടരവേ, സൈക്കിളില്‍ വന്ന ഒരു അപരിചിതന്‍ തന്റെ സൈക്കിള്‍ ആഞ്ഞിലി മരത്തില്‍ ചാരിവച്ചിട്ടു അടുത്ത പറമ്പിലേക്ക്‌ കയറിപ്പോയി....


എനിക്കൊരു കുസൃതി തോന്നി.. ഞാന്‍ ആനിക്കാവിള തിന്നു അതിന്റെ തൊണ്ടുകള്‍ താഴെ വച്ചിരിക്കുന്ന സൈക്കിളിന്റെ മേലോട്ടിട്ടോണ്ടിരുന്നു... ഒരു പത്തു മിനിട്ടുകൊണ്ട് സൈക്കിളിന്റെ പുറമാകെ ആനിക്കാവിളയുടെ തോന്ടുകൊണ്ട് മൂടി... ഇടക്കിടെ ഞാന്‍ സൈക്കിളിന്റെ ആള്‍ തിരികെ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടുമിരുന്നു... ... ആള്‍ എത്തുന്നതിനുമുന്‍പ്‌ എനിക്കിറങ്ങി രക്ഷപെടണം... അതാണ് പ്ലാന്‍..

ഒരര മണിക്കൂര്‍ കഴിഞ്ഞു കാണണം... ദൂരെ നിന്നും സൈക്കിള്‍ വാല വരുന്നതു കണ്ടു... ഞാന്‍ മരത്തില്‍ നിന്നും ഇറങ്ങാനുള്ള ശ്രമം ആരംഭിച്ചു... അപ്പോഴാണ് മനസ്സിലായത്, കയറുന്നതിനേക്കാള്‍ വിഷമം ആണ് ഇറങ്ങാന്‍ എന്ന്.. വേഗം ഇറങ്ങിയില്ലെന്കില്‍ സൈക്കിള്‍വാല എന്നെ ശരിയാക്കും എന്നതിനു വല്ല്യ സംശയമൊന്നും വേണ്ട... പക്ഷെ ഉദേശിച്ച പോലെ അങ്ങിരങ്ങാനും പറ്റണില്ല ... അതും പോരാഞ്ഞ് രണ്ടു മൂന്നു കൊമ്പ് താഴെ ഇറങ്ങിയപ്പോഴേക്കും സംഭവിച്ചതൊന്നും പോരാഞ്ഞിട്ട്‌ എന്നപോലെ ഞാന്‍ ഉടുത്തിരുന്ന ലുന്കി അതാ ഒരു മരകൊമ്പില്‍ ഉടക്കി അഴിഞ്ഞു താഴേക്ക് പോകുന്നു... എന്റെ ലുന്കി അങ്ങിനെ സ്ലോ മോഷനില്‍ പറന്ന് താഴേക്ക് വന്നു പതിച്ചതും സൈക്കിള്‍വാല മരച്ചുവട്ടില്‍ എത്തിയതും ഏതാണ്ടോരുമിച്ച്ചായിരുന്നു..... സിനിമേലൊക്കെ കാണാറുള്ളത്‌ പോലെ നല്ല ടയ്മിങ്ങോടെ ഒരു രംഗം....

സൈക്കിളില്‍ ഞാന്‍ കാണിച്ചു വച്ചിരിക്കുന്ന വീരകൃത്യം കണ്ടിട്ടാവണം... അയാള്‍ മുകളിലോട്ടൊന്നു നോക്കി... എത്തിപ്പെടരുതാത്ത ഏതോ ലോകത്തിലെത്തിയ ഒരു അന്യ ഗ്രഹ ജീവി എന്നതുപോലെ മരത്തില്‍ പതുങ്ങി ഇരിക്കുന്ന എന്നെ കണ്ടു.... അയാള്‍ വളരെ 'സ്നേഹത്തോടെ' തന്നെ എന്നെ താഴേക്ക് ക്ഷണിച്ചു.. ഞാന്‍ ആ ക്ഷണം സ്നേഹത്തോടെ തന്നെ നിരസിച്ചു... കാരണം, ആ ക്ഷണം സ്വീകരിക്കാവുന്ന അവസ്ഥയില്‍ ആയിരുന്നില്ലല്ലോ ഞാന്‍ ... ഒന്നു: അയാള്‍ എന്നെ ഒന്നു കൈകാര്യം ചെയ്തേക്കുമോ എന്ന ഭയം.. രണ്ടു: മുണ്ടുപോയ ഒരു പന്ത്രണ്ടു വയസ്സുകാരന് വെറുമൊരു ജെട്ടിയില്‍ മരത്തില്‍ നിന്നിരങ്ങിവരാന്‍ തോന്നാവുന്ന സ്വാഭാവികമായ നാണം.

ഞാന്‍ ഇറങ്ങിവരില്ല എന്ന് മനസ്സിലാക്കിയ അയാള്‍ ആദ്യം ഒരു കരുണയും കൂടാതെ എന്റെ അപ്പന് വിളിച്ചു.. ഈ വെല്ലുവിളിയിലെ സൂത്രം മനസ്സിലാക്കിയ ഞാന്‍ നിസ്സംഗതയോടെ മൌനം പാലിച്ചു... കൂടെ ആനിക്കാവിളയുടെ തൊണ്ട് മാത്രം വച്ചു മറ്റവന്മാര്‍ എന്നെ എറിയുമ്പോള്‍ ഞാന്‍ ചിരിച്ചിരുന്ന അതെ ചിരിയും... തുടര്‍ന്നായിരുന്നു മലയാള അക്ഷരമാലയിലെ ഒരക്ഷരം പോലും കളയാതെ പള്ളിപെരുന്നാലിന്റെ ചെണ്ടമേളം പെരുക്കുന്നതുപോലൊരു പ്രകടനം.... സത്യം പറയട്ടെ.. ചില "പെരുക്കലുകള്‍" ഞാന്‍ മുന്പ് കേള്‍ക്കാത്തവ തന്നെ ആയിരുന്നു... "പെരുക്കലിന്റെ" അവസാനം അയാള്‍ താഴെ വീണു കിടക്കുന്ന എന്റെ മുണ്ട് കണ്ടു... വേട്ടക്കാരന്‍ ഇരയെ കണ്ടലെന്ന പോലെ അയാള്‍ എന്റെ മുണ്ട് ചാടി എടുത്തു... അവാര്‍ഡ് പടം കാണുന്ന പോലുള്ള എന്റെ മുഖഭാവത്തിനു വല്ല മാറ്റവും ഉണ്ടോ എന്നറിയനാവണം അയാള്‍ എന്നെ ഒന്നും കൂടി നോക്കി... ഞാന്‍ 'ആ മുണ്ടെന്റെ അല്ലല്ലോ...' എന്ന് പ്രസ്താവിക്കുന്ന ഒരു മുഖഭാവത്തോടെ മിണ്ടാതിരുന്നു... യാതൊരു കരുണയും കൂടാതെ എന്റെ ലുന്കി കൊണ്ടു സൈക്കിളിന്റെ എല്ലാ ഭാഗവും അയാള്‍ തുടച്ചു വൃത്തിയാക്കി... ഞാന്‍ അതും ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ പടം കാണുന്ന മാനസിക അവസ്ഥയില്‍ നിസ്സംഗതയോടെ കണ്ടിരുന്നു... അതും പോരാഞ്ഞ് അയാള്‍ എന്റെ മുണ്ട് ദൂരേക്ക് വലിച്ചെറിഞ്ഞു... കൂടത്തില്‍ മേല്‍പ്പറഞ്ഞ വിധം ഒരു "പെരുക്കല്‍" കൂടി നടത്തി, "നിനക്കിട്ടു ഞാന്‍ ഇനിയും വച്ചിടുന്ടെടാ, നിന്നെ എന്റെ കയ്യില്‍ ഒന്നു കിട്ടിക്കോട്ടേ എന്ന ഭാവത്തില്‍ എന്നെ ഒന്നുംകൂടി നോക്കിയിട്ട് സൈക്കിളും ഉരുട്ടി പോയി...

കുറെ കഴിഞ്ഞു, വീണ്ടും അടുത്തൊന്നും ആരും ഇല്ല എന്നുറപ്പുവരുത്തി, ഞാന്‍ താഴെ ഇറങ്ങാനുള്ള എന്റെ ശ്രമം പുനരാരംഭിച്ചു... മുണ്ട് നേരത്തെ തന്നെ അഴിഞ്ഞു പോയിരുന്നതിനാല്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമായിരുന്നു... ജെട്ടി പാന്റിനു പുറത്തു ധരിക്കുന്ന സ്പൈദര്‍ മാന്‍, മാന്ദ്രേക്ക് എന്നീ വിശ്വപുരുഷന്മാരില്‍ എന്റെ ഐക്യ ധാര്‍ദ്യം പ്രഖ്യാപിച്ചുകൊണ്ടും, അടുത്താരും ഇല്ലാ എന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തിക്കൊണ്ടും ഞാന്‍ ഒരുതരത്തില്‍ താഴെ ഇറങ്ങി... ആനിക്കാവിള പറ്റിപ്പിടിച്ച എന്റെ മുണ്ട് തപ്പി എടുത്തു അടുത്തുള്ള തോട്ടിലെക്കെടുത്തു ചാടി മാനം രക്ഷിച്ചു... അവിടെ ഇരുന്നുകൊണ്ട്‌ തന്നെ മുണ്ട് കഴുകി , ഒന്നും സംഭവിക്കാത്തതുപോലെ വീട്ടില്‍ ചെന്നു...

സംഭവം നാട്ടില്‍ പാട്ടായിട്ടില്ല എന്നതിനാല്‍ തന്നെ, എന്റെ മാന്ദ്രേക്ക് ഓട്ടത്തിന് ആരും ദൃക്സാക്ഷികള്‍ ഇല്ലായിരുന്നു എന്ന് അനുമാനിക്കാം... മാത്രവുമല്ല.. ഇരട്ടപേരിടാന്‍മിടുക്കന്മാരായ എന്റെ മേല്‍പ്പറഞ്ഞ കൂട്ടുകാര്‍, ആനിക്കാവിള എന്നത് എന്റെ പേരിന്റെ ഒരു പര്യായ പദം ആക്കി മാറ്റാന്‍ ഈ സംഭവം ധാരാളം മതിയായിരുന്നു.പിന്നീട് കുറെ നാളത്തേക്ക് ഞാന്‍ ആ സൈക്കിള്‍വാലയെ എവിടെ എങ്കിലും വച്ചു കണ്ടുമുട്ടുമോ എന്ന് പേടിച്ചിരുന്നു.... ഭാഗ്യം എന്റെ കൂടെ തന്നെ ആയിരുന്നു... അതിനുശേഷം ഇന്നുവരെ ഞാന്‍ ആ മനുഷ്യനെ കണ്ടുമുട്ടിയിട്ടില്ല...അങ്ങിനെ എല്ലാം ശുഭം..

Wednesday, September 24, 2008

കടുവക്കൂട്ടില്‍...! (ഒരു പ്രണയ കഥ)

കടുവ എന്നത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു എക്സ്-മിലിട്ടറി അദ്ദേഹം ആണ്.. നല്ല ഉയരം.. നല്ല തടി.. കറുത്ത നിറം.. ശരീരം മൊത്തം രോമങ്ങള്‍.. ശരിക്കും ഒരു ഭീകര രൂപം തന്നെ.. സ്വരം കേട്ടാല്‍ തന്നെ ആരും പേടിച്ചു പോകും.. കടുവ എന്നത് ഇരട്ട പേരാണ്.. ഇദ്ദേത്തിനാണേല്‍ മൂന്നു മക്കള്‍.. രണ്ടു പെണ്ണും ഒരു ആണും.. ആണിന്റെ കാര്യം അവിടെ നിക്കട്ടെ.. പെന്പില്ലെരുടെ കാര്യം പറയാം.. രണ്ടു പേരും അതിസുന്ദരികള്‍.. ഇളയവള്‍ ആണേല്‍ എന്റെ സമപ്രായക്കാരി.. പക്ഷെ കടുവയുടെ മക്കള്‍ ആണെന്നതിനാല്‍ ഒരുത്തനും ഈ പെന്പില്ലെരുടെ നേരെ തിരിഞ്ഞു നോക്കില്ല.. അതിനുള്ള ധൈര്യം ഇല്ല എന്ന് തന്നെ പറയാം.. ആരേലും എന്തേലും കമന്റ് അടിച്ചാല്‍ തന്നെ, അത് അടുത്തുള്ള കൂടുകാരുടെ ചെവിയില്‍ ആയിരിക്കും.. ഉറക്കെ പറയാന്‍ തന്നെ പേടി... ചുരുക്കം പറഞ്ഞാല്‍, കടുവയുടെ പെണ്മക്കള്‍ മാത്രം നാട്ടിലൂടെ ആരെയും പേടിക്കാതെ നടക്കും... കടുവ ആണെന്കില്‍ ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ ഒരു പലചരക്ക് കട നടത്തുന്നു..

ഞാന്‍ പല സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലം.. എന്റെ സമപ്രായക്കാരി, കടുവയുടെ രണ്ടാമത്തെ മോളും തൊട്ടടുത്ത്‌ ഒരു പാരലല്‍ കോളേജില്‍ പഠിക്കുന്നുണ്ട്.. എന്നും ഇങ്ങനെ കണ്ടു കണ്ടാവാം എനിക്കെന്തോ ഒരു ഇതു... എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് കാര്യം മനസ്സിലായല്ലോ അല്ലെ.. ?
കടുവയുടെ മകള്‍ ആയതിനാല്‍ എനിക്കീ കാര്യത്തില്‍ വല്യ മത്സരമൊന്നും ആരുടേയും ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.. അപകടം മുന്നില്‍ കണ്ടിട്ടാവാം എല്‍ ഐ സി പോളിസി വല്ലതും എടുത്തിട്ട് ഇതിനായിട്ടു ഇറങ്ങിത്തിരിക്കുന്നതല്ലേ അല്പം ബുദ്ധി, എന്ന് കൂടത്തില്‍ ചില വിവരം ഉള്ളവര്‍ ഉപദേശിക്കാതിരുന്നില്ല.... ഞാന്‍ എന്തായാലും അതിനൊന്നും മിനക്കെട്ടില്ല...

അങ്ങിനെ ഒരു ദിവസം, രാവിലെ ബസില്‍ കടുവക്കുട്ടി എന്റെ തൊട്ടു മുന്‍പിലെ സീറ്റില്‍ ഇരിക്കുന്നു... അഡ്ജസ്റ്റ് ചെയ്തു മൂന്നു പേര്‍ ഇരിക്കുന്ന സീറ്റില്‍ ഞാന്‍ നടുക്കിരിക്കുകയാണ്.. എന്റെ ഇഹലോക വാസം മതിയാക്കി പറഞ്ഞു വിടാന്‍ ധൃതിയുള്ള ചില അവന്മ്മാര്‍ അവസരം മുതലാക്കാന്‍ എന്റെ കാതില്‍ അറിയിപ്പ് തന്നു.. റിസ്ക് എടുക്കുന്നതിന്റെ ത്രില്ലില്‍ ആയ ഞാന്‍ ഞാന്‍ രണ്ടും കല്‍പ്പിച്ചു അവസരം വിനിയോഗിക്കാന്‍ തീരുമാനിച്ചു... മുന്‍ സീറ്റിന്റെ കംബിയിലേക്ക് ഞാന്‍ ചാഞ്ഞു കിടന്നപ്പോള്‍ കടുവക്കുട്ടിയുടെ ചെവിയിലേക്ക് എന്റെ ശബ്ദം ലൈവ് ആയിത്തന്നെ എത്താവുന്ന ഒരു പൊസിഷന്‍.. മൊത്തത്തില്‍ എല്ലാം ഒത്തു വന്ന പോലെ..

ഞാന്‍ പതുക്കെ അവളുടെ പേരു വിളിച്ചു... എന്റെ വിളി കേട്ടിട്ടാവം അവള്‍ ഒന്നു അനങ്ങി ഇരുന്നു... ഞാന്‍ എന്റെ ഹൃദയാഭിലാഷങ്ങള് അവളോട്‌ പങ്കു വച്ചു.. നീ എന്റെ കരളിന്റെ കുളിരാണ് എന്നും, നീ ഇല്ലാത്ത ജീവിതം എനിക്കെന്തോ ഇല്ലാത്ത എന്തോ പോലെ ആണെന്നും ഒക്കെ ശ്വാസം പോലും എടുക്കാതെ വച്ചു കാച്ചി.. .. (അല്ല ഇതിനിടയില്‍ ശ്വാസം എടുക്കുക തുടങ്ങിയ താരതമ്യേന അപ്രധാനമായ കാര്യങ്ങള്‍ ആരോര്‍ക്കാന്‍) എന്നിട്ടവസാനം ഇത്ര കൂടി പറഞ്ഞു... നിനക്കെന്നെ ഇഷ്ടം ആണെന്കില്‍ ബസില്‍ നിന്നിറങ്ങുമ്പോള്‍ എന്നെ നോക്കി ഒന്നു ചിരിച്ചു കാണിക്കണം.. അങ്ങനെ, അവള്ക്കിരങ്ങേണ്ട ബസ്സ് സ്റ്റോപ്പില്‍ എത്തി... ഒരു പ്രണയാര്‍ദ്രമായ പുഞ്ചിരി പ്രതീക്ഷിച്ചു നോക്കിയ എന്നെ അവള്‍ നോക്കി.. പക്ഷെ പുഞ്ചിരി ഇല്ല.. കത്തുന്ന കണ്ണുകള്‍.. "നിന്നെ ഞാന്‍ കാണിച്ചു തരാമെടാ" എന്നൊരു ഭാവത്തോടെ ആ നോട്ടം.. എനിക്കെന്തോ ഒരു പന്തി കേട് തോന്നി.. കടുവ, എല്‍ ഐ സി, കടുവയുടെ കൈപ്രയോഗം ഏറ്റു വാങ്ങി ദേഹമാസകലം പരിക്കുകളുമായി കിടക്കുന്ന ഞാന്‍ എന്നിങ്ങനെ കുറച്ചേറെ സിനിമാടിക് ദൃശ്യങ്ങള്‍ ഓരോന്നായി എന്റെ കണ്ണുകളില്‍ മിന്നി മറഞ്ഞു..

വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ അമ്മ വിളിച്ചു പറയുന്നു... മോനേ പഞ്ചസാര തീര്ന്നു പോയി.. കടയില്‍ പോവണം... എന്റെ ഉള്ളൊന്നു കാളി.. ഒരിക്കല്‍ കൂടി മേല്‍പ്പറഞ്ഞ സിനിമടിക് ദൃശ്യങ്ങള്‍ എന്റെ കണ്ണുകളില്‍ മിന്നി മറയുന്നു.. കടയില്‍ പോവുക എന്ന് പറഞ്ഞാല്‍ കടുവയുടെ കൂട്ടിലേക്ക് എന്നാണ് അര്ത്ഥം..അടുത്തെങ്ങും വേറെ കടയില്ല. പോകാതിരിക്കാന്‍ പറയാന്‍ പറ്റിയ ഒരു കാരണവും കിട്ടുന്നില്ല... ഈ ശനിദെശ എന്നൊക്കെ പറയുന്നതു ഇതാവും എന്ന് എനിക്ക് അന്നാണു ശരിക്കും മനസ്സിലായത്.. "അറിയാതെ ആണെന്കിലും മകനെ കൊലക്ക് കൊടുക്കുന്ന ഒരമ്മയായി മാറാന്‍ അമ്മക്ക് ആഗ്രഹമുണ്ടോ അമ്മേ .." എന്ന് അമ്മയോട് ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ എന്തോ കഴിഞ്ഞില്ല.. ഒരു അന്ത്യ യാത്രാമൊഴി എന്ന പോലെ "ഞാന്‍ കടയില്‍ പോകുവാ അമ്മേ.." എന്ന് നീട്ടി വിളിച്ചുപരഞ്ഞുകൊണ്ട് ഞാന്‍ കടയിലേക്ക് പോയി...

കടയില്‍ ചെന്നപ്പോള്‍ ഞാന്‍ നോക്കി കടുവ അകത്തുണ്ട്.. എന്തോ കണക്കെഴുതുക ആണ്.. ഞാന്‍ പതുക്കെ, വില്പനക്കാരന്‍ പിള്ള ചേട്ടനോട് ആവശ്യം പറഞ്ഞു, പഞ്ചസാര വാങ്ങി കാശും കൊടുത്തു രക്ഷപെട്ടല്ലോ എന്ന് ഓര്ത്തു പഞ്ചസാര കൂടുമായി തിരിഞ്ഞു നടക്കാന്‍ ആഞ്ഞതും പിന്നില്‍ നിന്നു ഒരു വിളി...

"എടാ.... "
കടുവ വിളിച്ചതാണ് എന്നെ.. ഒരു തരിപ്പ് കാലുകളില്‍ നിന്നും മേല്‍പ്പോട്ടു കയറിവരുന്നു.. കണ്ണുകളില്‍ വീണ്ടും മേല്‍പ്പറഞ്ഞ സിനിമാറ്റിക് ദൃശ്യങ്ങള്‍.. ഒരു നിമിഷം ഓടി രക്ഷപെട്ടാലോ എന്ന് ഞാന്‍ ആലോചിച്ചു.. പക്ഷെ കാലൊന്നും ചലിക്കുന്നില്ല.. കാലുകള്‍ മണ്ണില്‍ പുതഞ്ഞു പോയ പോലെ... രണ്ടും കല്‍പ്പിച്ചു ഞാന്‍ തിരിഞ്ഞു നോക്കി..

"നീ ഇങ്ങു കയറി വാ... " കടുവ അലറുന്നത് പോലുള്ള ആ ശബ്ദം വീണ്ടും..
എനിക്കൊരു കാര്യം ഉറപ്പായി.. എന്നെ അകത്തിട്ടു കൈകാര്യം ചെയ്യാനാണ് പുള്ളിയുടെ പ്ലാന്‍.. ദുഷ്ടയായ കടുവക്കുട്ടി എല്ലാം കടുവയോട് പറഞ്ഞു കഴിഞ്ഞു ... ഇനി രക്ഷ ഇല്ല... എന്നെ ഇന്നിയാള് ശരിയാക്കിയത് തന്നെ... ഓടി രക്ഷപെടണമെങ്കില്‍ അതിന് പോലും ഒരു ധൈര്യം ഒക്കെ വേണം എന്ന് അന്നാണ് എനിക്ക് മനസ്സിലായത്.. എനിക്കാണേല്‍ അത് പോലും ഇല്ലാത്ത അവസ്ഥ.. ഞാന്‍ അകത്തു കയറിയാല്‍ ഉടനെ വില്പനക്കാരന്‍ ചേട്ടനോട് ഷട്ടര്‍ ഇടാന്‍ കടുവ ഓര്‍ഡര്‍ കൊടുക്കും എന്നുള്ള പ്രതീക്ഷയോടെ ഞാന്‍ അകത്തേക്ക് പതുക്കെ പതുക്കെ കയറിചെന്നു.. അല്ലേലും, അടിവങ്ങാന്‍ ആരാ ഓടി ചെല്ലുക.. .. എന്തായാലും ഷട്ടര്‍ ഇടാനുള്ള ഓര്‍ഡര്‍ ഉണ്ടായില്ല..... തൊണ്ട വരളുക,
കാല്‍ വിറയ്ക്കുക, മുട്ട് കൂടിയിടിക്കുക, ഇത്യാദി സംഭവങ്ങള്‍ ജീവിതത്തില്‍ ആദ്യമായി എന്താണ് എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു.


അങ്ങിനെ ഞാന്‍ കടുവക്കൂട്ടില്‍ കടുവയുമായി മുഖഭിമുഖം.. നില്‍ക്കുക ആണ്...
"നിന്നെ എന്തിനാടാ വിയര്‍ക്കുന്നത്..?" കടുവയുടെ ചോദ്യം..
"അത് ഞാന്‍ ഓടി വന്നത് കൊണ്ടാവും.... " എന്റെ വിറയാര്‍ന്ന ഭവ്യത ആര്ന്ന ഉത്തരം..
"നീ സെന്റ് തോമസില്‍ അല്ലെ പഠിക്കുന്നത്... " അടുത്ത ചോദ്യം..

കടുവ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയിട്ട് കാര്യത്തോട് അടുക്കുക ആണ്.. എന്തിനാ ഇത്ര ഫോര്‍മാലിറ്റി, തരാനുള്ളത്‌ ഇങ്ങു തന്നാല്‍ പോരെ.. ഞാന്‍ അതുംകൊണ്ട് പൊയ്ക്കോളാം, എന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കാതിരുന്നില്ല..

"അതെ"... എന്റെ ഉത്തരം.. ശബ്ദം ശരിക്കും പുറത്തേക്ക് വരുന്നില്ലാത്തത് പോലെ..
കടുവ ചാടി എണീക്കാത്തതും എന്നെ കൈകാര്യം ചെയ്യാന്‍ തുടങ്ങാത്തതും എന്തെ എന്നെനിക്കൊരു സംശയം തോന്നാതിരുന്നില്ല.. തല്ലു വാങ്ങാന്‍ എനിക്കെന്തോ ഒരു ധൃതി പോലെ.. എന്തായാലും കിട്ടും എന്ന് ഉറപ്പായി... എന്നാല്‍ പിന്നെ അത് ഇങ്ങു വേഗം പോരട്ടെ.. എന്നായിരുന്നു എന്റെ ചിന്ത!

"നിങ്ങളുടെ ബുക്ക് സ്ടാളില്‍ നിന്നും ഒരു പുസ്തകം വാങ്ങി തരണം... സെകന്റ് ഇയര്‍ പ്രി-ഡിഗ്രീ ക്കാരുടെ കോമേഴ്സിന്റെ പുസ്തകം.. " കടുവയുടെ വാക്കുകള്‍..
കുറച്ചു നേരമായി ശ്വാസം എടുക്കല്‍ നിറുത്തി വച്ചിരുന്ന ഞാന്‍ ഒരു ആറേഴെണ്ണം ഒരുമിച്ചെടുത്ത് ജീവന്‍ വീണ്ടും പൂര്‍വ അവസ്ഥയില്‍ ആക്കി... എന്തൊരു ആശ്വാസം... കരണ്ട് കട്ട് കഴിഞ്ഞു വീണ്ടും ലൈറ്റ് തെളിയുമ്പോള്‍ ഒരു സന്തോഷം തോന്നില്ലേ, അതുപോലെ... ഒപ്പം കടുവക്കുട്ടി എന്റെ ലീലാവിലാസങ്ങള്‍ പറഞ്ഞു കൊടുത്തില്ല എന്നോര്‍ത്തപ്പോള്‍ അതിലും സന്തോഷം... കടുവക്കുട്ടിക്കെന്റെ തീര്‍ത്താല്‍ തീരാത്ത നന്ദി.. നേരത്തെ ഞാന്‍ മനസ്സില്‍ എങ്കിലും അവളെ ഒരു ദുഷ്ട കഥാപാത്രമായി കരുതിയതില്‍ അഗാധമായ പശ്ചാത്താപം മനസ്സില്‍ തന്നെ രേഖപ്പെടുത്തി ഞാന്‍ തിരികെ വീട്ടിലേക്ക്..!

NB.: പുസ്തക വാര്ത്ത അറിഞ്ഞ ചിലര്‍ എന്നെ പുസ്തകത്തില്‍ വച്ചു ലവ് ലെറ്റര്‍ കൊടുക്കുക എന്നൊരു അതി പുരാതന രീതിക്ക് പ്രേരിപ്പിചെന്കിലും, വീണ്ടും ഒരിക്കല്‍ കൂടി കടുവക്കൂട്ടില്‍ കയറേണ്ടി വന്നാലുള്ള അവസ്ഥയെ ഓര്ത്തു ഞാന്‍ അതിന് തുനിഞ്ഞില്ല.. തല്ലു കിട്ടിയില്ലെന്കിലും ആ അനുഭവം വീണ്ടും ഒരിക്കല്‍ കൂടി ആവര്തിക്കപ്പെടാന്‍ മാത്രം സുഖകരം ആയിരുന്നില്ല. കടുവക്കുട്ടി പിന്നീട് എന്നെങ്കിലും എന്നെ നോക്കി പുഞ്ചിരിക്കും എന്ന് ഞാന്‍ പ്രതീക്ശിച്ചിരുന്നു.. പക്ഷെ അതും ഉണ്ടായില്ല... ! വീണ്ടും ഒരു ശ്രമം നടത്താനുള്ള തന്റേടം... അതും ഉണ്ടായിരുന്നില്ല.. പിന്നീട് ആരെ എങ്കിലും ഒന്നു ലൈന്‍ അടിച്ചുകളയാം എന്ന് തോന്നിയാലും, അപ്പന്‍, ആങ്ങള തുടങ്ങിയ അടുത്ത ബന്ധുക്കളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുകൂടി അന്വേഷിക്കണം എന്നത് ഒരു ജീവിത പാഠമായി അവശേഷിച്ചിരുന്നു എന്ന് തന്നെ പറയാം.. അതുകൊണ്ട് ഒക്കെ ആവാം.. ഞാനിപ്പോള്‍ ഒരു കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കുന്നു... ശരീരത്തിന് കേടുപാടുകള്‍ ഒന്നും ഇല്ലാത്തെ തന്നെ..