Monday, September 29, 2008

ആഞ്ഞിലി മരവും സൈക്കിള്‍ വാലയും പിന്നെ, ഞാനും....!...

എന്റെ ചെറുപ്പകാലത്തെ ഒരു സംഭവം ആണ്...!!

നാട്ടില്‍ എന്റെ സമപ്രായക്കാരുടെ ഒക്കെ മുന്‍പില്‍ സ്കൂളില്‍ (ക്ലാസില്‍) ഞാന്‍ ഒരു ഹീറോയ്ക്കും സീറോയ്ക്കും ഇടയ്ക്കുള്ള ഒരു ആവെറേജും പുറത്തു ഞാന്‍ ഒരു വെറും സീറോയും ആണ്.. കാരണം, ഞാന്‍ അവരെക്കാളൊക്കെ നന്നായി പഠിക്കും.. പക്ഷെ, പട്യേതര വിഷയങ്ങളില്‍ അവന്മാരാണ് മുന്‍പില്‍... ഉദാഹരണം, മരം കയറ്റം, മരത്തേലെറിയുക, വട്ടു (ഗോളി) കളി, കബഡി, നാടന്‍ പന്ത് കളി, തുടങ്ങിയ കളികള്‍.... പഠന വിഷയങ്ങളില ഞാന്‍ ജയിക്കുന്നതിന്റെ പ്രതികാരമെന്നവണ്ണം അവരെല്ലാം സംഘം ചേര്‍ന്നെന്നെ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ സ്ഥിരമായി തോല്പ്പിച്ചുവന്നു... എന്നെക്കാള്‍ പ്രായം കുറഞ്ഞവരുടെ മുന്നില്‍ പോലും ഞാന്‍ സ്ഥിരമായി തോല്ക്കാറുണ്ടായിരുന്നു എന്ന് തെല്ലഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ.

അങ്ങിനെ ഒരു അവധി ദിവസം, അടുത്തുള്ള എല്ലാ കശ്മലന്മാരും ഒരു ബന്ധുവിന്റെ കല്യാണം പ്രമാണിച്ച് മേല്പ്പറഞ്ഞ കളി വിഷയങ്ങളില്‍ നിന്നു അവധി എടുത്തു കല്ല്യാണം ആഘോഷിക്കുന്ന അസുലഭാവസരത്തില്‍ ഞാന്‍ ഒരു പുതിയ വിഷയം പഠിക്കാന്‍ തീരുമാനിച്ചു... സംഗതി ഒരു മരം കയറ്റം ആണ്... വഴിയരികില്‍ ഒരു ആഞ്ഞിലി മരം ഉണ്ട്... അതില്‍ കയറിപ്പറ്റുക എനിക്കൊഴികെ എല്ലാ അവന്മാര്‍ക്കും വളരെ എളുപ്പം... എനിക്കാണെങ്കില്‍ ഇതൊരു ബാലികേറാ മല തന്നെ.. അവന്മാര്‍ മരത്തില്‍ കയറുന്നത് കാണുമ്പോള്‍ ആണ് എനിക്ക് ചാള്‍സ് ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞാനോടും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തോടും അല്പ്പമെന്കിലും മതിപ്പു തോന്നുക... അവന്മാരുടെ മരം കയറ്റം കണ്ടാല്‍ കുരങ്ങന്മാര്‍ ഇവന്മാരുടെ പൂര്‍വികന്മാര്‍ അല്ല, ഇവന്മ്മാര്‍ തന്നെ ആ ജെനുസ്സില്‍ പെട്ടവരല്ലെ എന്ന് സംശയം തോന്നും... അവന്മാര്‍ മരത്തില്‍ കയറി ആനിക്കാവിള പറിച്ചു തിന്നുമ്പോള്‍, ഞാനിങ്ങനെ ഇരച്ച്തിക്കടയുടെ മുന്‍പില്‍ പട്ടി നില്‍ക്കുന്നതുപോലെ, മുകളിലേക്ക് നോക്കി ഒരു തരം ആക്രാന്തത്തോടെ നില്ക്കും.. ഇടക്കെപ്പോലെന്കിലും അവന്മാര്‍ക്ക് ദയ തോന്നി എന്തെങ്കിലും താഴേക്കെറിഞ്ഞു തന്നാലെ എനിക്ക് കിട്ടു.. ചിലപ്പോള്‍ അവര്‍ ആനിക്കാവിള പറിച്ചു തൊണ്ട് മാത്രമായി പൊളിച്ചെടുത്ത് എനിക്ക് താഴെക്കിട്ടുതരും... പ്രതീക്ഷയോടെ ക്യാച്ച് എടുക്കുന്ന ഞാന്‍ തൊണ്ട് മാത്രം കണ്ടു ഇളഭ്യനാകും... തിരിച്ചു വല്ല തെറിയും പറഞ്ഞാല്‍ നഷ്ട്ടപ്പെട്ടെക്കാവുന്ന ആനിക്കാവിലകളെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ സംയമനം പാലിക്കും..... ഇനി മനസ്സില്‍ അവന്മാരെ രണ്ടു തെറി പറഞ്ഞാലും, പുറമെ അവരെ ചിരിച്ചു തന്നെ കാണിക്കും.... നിന്റെ തമാശ എനിക്ക് നന്നായിട്ട് ബോധിച്ചു‌ എന്നമട്ടില്‍.....

അങ്ങിനെ എന്തായാലും ഞാന്‍ ഒന്നു കയറാന്‍ തന്നെ തീരുമാനിച്ചു... ഒന്നു കാലേല്‍ പിടിച്ചു വലിച്ചു താഴെ ഇടാന്‍ ഒരുത്തനും ഇല്ല.... പോരാത്തതിന് ആനിക്കാ വിളഞ്ഞു കിടക്കുന്ന കാലവും... അങ്ങിനെ ആ മഹാ ദിനത്തില്‍ ഉച്ചയോടു , ഒരുതരത്തില്‍ ഞാന്‍ ആഞ്ഞിലി മരത്തില്‍ കയറിപ്പറ്റി, സുഖമായി, സ്വസ്ഥമായി ആനിക്കാവിളകള്‍ ഓരോന്നായി പറിച്ചു തിന്നു തുടങ്ങി... എന്തോ ഒരു വാശി പോലായിരുന്നു എനിക്ക്... എന്നെ സ്ഥിരമായി തോല്പ്പിക്കുന്നവന്മാര്‍ക്കായി ഞാന്‍ ഒരു വിള പോലും ബാക്കി വാക്കില്ല എന്ന ധൃടനിശ്ച്ച്ചയത്തോടെ അങ്ങിനെ എന്റെ തീറ്റ തുടരവേ, സൈക്കിളില്‍ വന്ന ഒരു അപരിചിതന്‍ തന്റെ സൈക്കിള്‍ ആഞ്ഞിലി മരത്തില്‍ ചാരിവച്ചിട്ടു അടുത്ത പറമ്പിലേക്ക്‌ കയറിപ്പോയി....


എനിക്കൊരു കുസൃതി തോന്നി.. ഞാന്‍ ആനിക്കാവിള തിന്നു അതിന്റെ തൊണ്ടുകള്‍ താഴെ വച്ചിരിക്കുന്ന സൈക്കിളിന്റെ മേലോട്ടിട്ടോണ്ടിരുന്നു... ഒരു പത്തു മിനിട്ടുകൊണ്ട് സൈക്കിളിന്റെ പുറമാകെ ആനിക്കാവിളയുടെ തോന്ടുകൊണ്ട് മൂടി... ഇടക്കിടെ ഞാന്‍ സൈക്കിളിന്റെ ആള്‍ തിരികെ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടുമിരുന്നു... ... ആള്‍ എത്തുന്നതിനുമുന്‍പ്‌ എനിക്കിറങ്ങി രക്ഷപെടണം... അതാണ് പ്ലാന്‍..

ഒരര മണിക്കൂര്‍ കഴിഞ്ഞു കാണണം... ദൂരെ നിന്നും സൈക്കിള്‍ വാല വരുന്നതു കണ്ടു... ഞാന്‍ മരത്തില്‍ നിന്നും ഇറങ്ങാനുള്ള ശ്രമം ആരംഭിച്ചു... അപ്പോഴാണ് മനസ്സിലായത്, കയറുന്നതിനേക്കാള്‍ വിഷമം ആണ് ഇറങ്ങാന്‍ എന്ന്.. വേഗം ഇറങ്ങിയില്ലെന്കില്‍ സൈക്കിള്‍വാല എന്നെ ശരിയാക്കും എന്നതിനു വല്ല്യ സംശയമൊന്നും വേണ്ട... പക്ഷെ ഉദേശിച്ച പോലെ അങ്ങിരങ്ങാനും പറ്റണില്ല ... അതും പോരാഞ്ഞ് രണ്ടു മൂന്നു കൊമ്പ് താഴെ ഇറങ്ങിയപ്പോഴേക്കും സംഭവിച്ചതൊന്നും പോരാഞ്ഞിട്ട്‌ എന്നപോലെ ഞാന്‍ ഉടുത്തിരുന്ന ലുന്കി അതാ ഒരു മരകൊമ്പില്‍ ഉടക്കി അഴിഞ്ഞു താഴേക്ക് പോകുന്നു... എന്റെ ലുന്കി അങ്ങിനെ സ്ലോ മോഷനില്‍ പറന്ന് താഴേക്ക് വന്നു പതിച്ചതും സൈക്കിള്‍വാല മരച്ചുവട്ടില്‍ എത്തിയതും ഏതാണ്ടോരുമിച്ച്ചായിരുന്നു..... സിനിമേലൊക്കെ കാണാറുള്ളത്‌ പോലെ നല്ല ടയ്മിങ്ങോടെ ഒരു രംഗം....

സൈക്കിളില്‍ ഞാന്‍ കാണിച്ചു വച്ചിരിക്കുന്ന വീരകൃത്യം കണ്ടിട്ടാവണം... അയാള്‍ മുകളിലോട്ടൊന്നു നോക്കി... എത്തിപ്പെടരുതാത്ത ഏതോ ലോകത്തിലെത്തിയ ഒരു അന്യ ഗ്രഹ ജീവി എന്നതുപോലെ മരത്തില്‍ പതുങ്ങി ഇരിക്കുന്ന എന്നെ കണ്ടു.... അയാള്‍ വളരെ 'സ്നേഹത്തോടെ' തന്നെ എന്നെ താഴേക്ക് ക്ഷണിച്ചു.. ഞാന്‍ ആ ക്ഷണം സ്നേഹത്തോടെ തന്നെ നിരസിച്ചു... കാരണം, ആ ക്ഷണം സ്വീകരിക്കാവുന്ന അവസ്ഥയില്‍ ആയിരുന്നില്ലല്ലോ ഞാന്‍ ... ഒന്നു: അയാള്‍ എന്നെ ഒന്നു കൈകാര്യം ചെയ്തേക്കുമോ എന്ന ഭയം.. രണ്ടു: മുണ്ടുപോയ ഒരു പന്ത്രണ്ടു വയസ്സുകാരന് വെറുമൊരു ജെട്ടിയില്‍ മരത്തില്‍ നിന്നിരങ്ങിവരാന്‍ തോന്നാവുന്ന സ്വാഭാവികമായ നാണം.

ഞാന്‍ ഇറങ്ങിവരില്ല എന്ന് മനസ്സിലാക്കിയ അയാള്‍ ആദ്യം ഒരു കരുണയും കൂടാതെ എന്റെ അപ്പന് വിളിച്ചു.. ഈ വെല്ലുവിളിയിലെ സൂത്രം മനസ്സിലാക്കിയ ഞാന്‍ നിസ്സംഗതയോടെ മൌനം പാലിച്ചു... കൂടെ ആനിക്കാവിളയുടെ തൊണ്ട് മാത്രം വച്ചു മറ്റവന്മാര്‍ എന്നെ എറിയുമ്പോള്‍ ഞാന്‍ ചിരിച്ചിരുന്ന അതെ ചിരിയും... തുടര്‍ന്നായിരുന്നു മലയാള അക്ഷരമാലയിലെ ഒരക്ഷരം പോലും കളയാതെ പള്ളിപെരുന്നാലിന്റെ ചെണ്ടമേളം പെരുക്കുന്നതുപോലൊരു പ്രകടനം.... സത്യം പറയട്ടെ.. ചില "പെരുക്കലുകള്‍" ഞാന്‍ മുന്പ് കേള്‍ക്കാത്തവ തന്നെ ആയിരുന്നു... "പെരുക്കലിന്റെ" അവസാനം അയാള്‍ താഴെ വീണു കിടക്കുന്ന എന്റെ മുണ്ട് കണ്ടു... വേട്ടക്കാരന്‍ ഇരയെ കണ്ടലെന്ന പോലെ അയാള്‍ എന്റെ മുണ്ട് ചാടി എടുത്തു... അവാര്‍ഡ് പടം കാണുന്ന പോലുള്ള എന്റെ മുഖഭാവത്തിനു വല്ല മാറ്റവും ഉണ്ടോ എന്നറിയനാവണം അയാള്‍ എന്നെ ഒന്നും കൂടി നോക്കി... ഞാന്‍ 'ആ മുണ്ടെന്റെ അല്ലല്ലോ...' എന്ന് പ്രസ്താവിക്കുന്ന ഒരു മുഖഭാവത്തോടെ മിണ്ടാതിരുന്നു... യാതൊരു കരുണയും കൂടാതെ എന്റെ ലുന്കി കൊണ്ടു സൈക്കിളിന്റെ എല്ലാ ഭാഗവും അയാള്‍ തുടച്ചു വൃത്തിയാക്കി... ഞാന്‍ അതും ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ പടം കാണുന്ന മാനസിക അവസ്ഥയില്‍ നിസ്സംഗതയോടെ കണ്ടിരുന്നു... അതും പോരാഞ്ഞ് അയാള്‍ എന്റെ മുണ്ട് ദൂരേക്ക് വലിച്ചെറിഞ്ഞു... കൂടത്തില്‍ മേല്‍പ്പറഞ്ഞ വിധം ഒരു "പെരുക്കല്‍" കൂടി നടത്തി, "നിനക്കിട്ടു ഞാന്‍ ഇനിയും വച്ചിടുന്ടെടാ, നിന്നെ എന്റെ കയ്യില്‍ ഒന്നു കിട്ടിക്കോട്ടേ എന്ന ഭാവത്തില്‍ എന്നെ ഒന്നുംകൂടി നോക്കിയിട്ട് സൈക്കിളും ഉരുട്ടി പോയി...

കുറെ കഴിഞ്ഞു, വീണ്ടും അടുത്തൊന്നും ആരും ഇല്ല എന്നുറപ്പുവരുത്തി, ഞാന്‍ താഴെ ഇറങ്ങാനുള്ള എന്റെ ശ്രമം പുനരാരംഭിച്ചു... മുണ്ട് നേരത്തെ തന്നെ അഴിഞ്ഞു പോയിരുന്നതിനാല്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമായിരുന്നു... ജെട്ടി പാന്റിനു പുറത്തു ധരിക്കുന്ന സ്പൈദര്‍ മാന്‍, മാന്ദ്രേക്ക് എന്നീ വിശ്വപുരുഷന്മാരില്‍ എന്റെ ഐക്യ ധാര്‍ദ്യം പ്രഖ്യാപിച്ചുകൊണ്ടും, അടുത്താരും ഇല്ലാ എന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തിക്കൊണ്ടും ഞാന്‍ ഒരുതരത്തില്‍ താഴെ ഇറങ്ങി... ആനിക്കാവിള പറ്റിപ്പിടിച്ച എന്റെ മുണ്ട് തപ്പി എടുത്തു അടുത്തുള്ള തോട്ടിലെക്കെടുത്തു ചാടി മാനം രക്ഷിച്ചു... അവിടെ ഇരുന്നുകൊണ്ട്‌ തന്നെ മുണ്ട് കഴുകി , ഒന്നും സംഭവിക്കാത്തതുപോലെ വീട്ടില്‍ ചെന്നു...

സംഭവം നാട്ടില്‍ പാട്ടായിട്ടില്ല എന്നതിനാല്‍ തന്നെ, എന്റെ മാന്ദ്രേക്ക് ഓട്ടത്തിന് ആരും ദൃക്സാക്ഷികള്‍ ഇല്ലായിരുന്നു എന്ന് അനുമാനിക്കാം... മാത്രവുമല്ല.. ഇരട്ടപേരിടാന്‍മിടുക്കന്മാരായ എന്റെ മേല്‍പ്പറഞ്ഞ കൂട്ടുകാര്‍, ആനിക്കാവിള എന്നത് എന്റെ പേരിന്റെ ഒരു പര്യായ പദം ആക്കി മാറ്റാന്‍ ഈ സംഭവം ധാരാളം മതിയായിരുന്നു.പിന്നീട് കുറെ നാളത്തേക്ക് ഞാന്‍ ആ സൈക്കിള്‍വാലയെ എവിടെ എങ്കിലും വച്ചു കണ്ടുമുട്ടുമോ എന്ന് പേടിച്ചിരുന്നു.... ഭാഗ്യം എന്റെ കൂടെ തന്നെ ആയിരുന്നു... അതിനുശേഷം ഇന്നുവരെ ഞാന്‍ ആ മനുഷ്യനെ കണ്ടുമുട്ടിയിട്ടില്ല...അങ്ങിനെ എല്ലാം ശുഭം..

7 comments:

raagaveni said...

sangathi soopar

chetta? sahayikkaamo nhanoru puthiya google blogger aanu malayaalathil type cheyyan entha vazhi chettan ellavareyum sahayikkum ennu kettittundu

ശിവ said...

നോക്കിയിരുന്നോ...എന്നെങ്കിലും ഒരു ദിവസം അയാള്‍ വരും...പിന്നെ ഈ ആനിക്കാവിള എന്താ എന്ന് അറിയില്ല....

smitha adharsh said...

ഇതു മുന്‍പ്‌ ഒരിക്കല്‍ വായിച്ചതുപോലെ....
ഇതു മുന്‍പെങ്ങാനും പോസ്ടാക്കിയിരുന്നോ?

Typist | എഴുത്തുകാരി said...

ഈ ആനിക്കാവിള എന്താണെന്നു മനസ്സിലായില്ല. കേട്ടിട്ടില്ല, ഇതുവരെ.

മനോജ് ജോസഫ് said...

ആനിക്കാവിള എന്നത് ചക്കയുടെ (jack fruit) ഘടനയിലുള്ള ഒരു തരം പഴം ആണ്.. ചക്കയെക്കാള്‍ ഏറെ ചെറുതും ആയിരിക്കും.. അതുപോലെ തന്നെ തൊണ്ട്, ചുള, കുരു, നടുക്ക് കൂഞ്ഞില്‍ എല്ലാം ഉണ്ടാവും..

മനോജ് ജോസഫ് said...

സ്മിതാ, ഇതൊരു റീ-പോസ്റ്റ് ആണ്.. ബ്ലോഗ് തുടങ്ങിയ സമയത്തു ഇതു ഞാന്‍ ഒന്നു പോസ്റ്റ് ചെയ്തിരുന്നു.. .. അന്ന് എന്റെ ബ്ലോഗില്‍ സന്ദര്‍ശകര്‍ തീരെ കുറവായിരുന്നു.. ഇപ്പോള്‍, സന്ദര്‍ശകര്‍ കുറച്ചു കൂടിയത് കൊണ്ടു ഒന്നുകൂടി പോസ്റ്റ് ചെയ്തു എന്നെ ഉള്ളു..

മനോജ് ജോസഫ് said...

Raagaveni:
Go to settings option in your blog and activate the "Enable Transliteration" and choose Malayalam.
For your info, I am also quite new to blogging.