നീലിമ ....!!
പെണ്‍കുട്ടിയുടെ പേരു നീലിമ എന്നാണ്...ഇഷ്ട നിറം നീല..എന്തിലും ഏതിലും നീല നിറം മാത്രം കാണാന്‍ ഇഷ്ടപ്പെട്ടവള്‍..നീലാകാശത്തെയും നീല പുഷ്പങ്ങളെയും ഏറെ സ്നേഹിച്ചവള്‍.. നീലിമയാര്‍ന്ന ഒരു ലോകം തനിക്ക് ചുറ്റും തീര്ക്കാന്‍ അവള്‍ വെമ്പല്‍ കൊണ്ടു...പ്രായപൂര്‍ത്തി എത്തിയപ്പോള്‍ അവളുടെ പ്രണയ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതും നീല ബൈക്കില്‍ നീല വസ്ത്രങ്ങളണിഞ്ഞു വരുന്ന ഒരു രാജകുമാരന്‍ ആയിരുന്നു...
ഒടുവില്‍ അവള്‍ അവനെ കണ്ടെത്തി... അവനെ തന്നെ സ്വന്തം ആക്കാന്‍ സാധിച്ചപ്പോള്‍ അവള്‍ ഏറെ സന്തോഷിച്ചു... അഭിമാനിച്ചു.. ഈ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതി താനാണെന്ന് തന്നെ വിശ്വസിച്ചു.. നീല ബൈക്കില്‍ തന്നെ ഒരു നീണ്ട യാത്ര ആയിരുന്നു അവള്‍ ആദ്യ രാത്രിയിലെ കിന്നാരങ്ങള്‍ക്ക് ഇടയില്‍ അവനോട് ആവശ്യപ്പെട്ടത്.. അവന്‍ അത് സമ്മതിക്കുകയും ചെയ്തു..തനിക്ക്ഏറെ ഇഷ്ടപ്പെട്ട നീല ബൈക്കിന്റെ പിന്നില്‍, നീല കുപ്പിവളകള്‍ അണിഞ്ഞ സുന്ദരമായ തന്റെ വലതു കരം കൊണ്ടു തന്റെ പ്രിയപ്പെട്ടവനെ ചുറ്റി പിടിക്കുമ്പോഴും തന്റെ മറു കൈകൊണ്ടു അവള്‍ നീല ബൈക്കിനെ മെല്ലെ തലോടിക്കൊണ്ടിരുന്നു.. യാത്രക്ക് വേഗത പോര എന്നായിരുന്നു അവളുടെ പരാതി... ഇനിയും കൂടുതല്‍ വേഗം എന്നവള്‍ അവന്റെ കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്നു... അനിയന്ത്രിതമായി വേഗത കൂടവെ പെട്ടെന്നാണ് അത് സംഭവിച്ചത്..എതിരെ പാഞ്ഞു വന്ന ഒരു ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേരും സ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞു.. അപകടം കണ്ടു ഓടിയെത്തിയവര്‍ കണ്ടത് ലോറിയുടെ അടിയില്‍ ചക്രങ്ങളുടെ അടിയില്‍ പെട്ടു കിടക്കുന്ന അവന്റെ ശരീരം ആയിരുന്നു.... ഒപ്പം മരണത്തിലും വേര്‍പിരിയാന്‍ മനസ്സില്ലാത്തത് പോലെ നീല ബൈക്കിനോട് ചേര്‍ന്നു തന്നെ കിടക്കുന്ന ചോരയില്‍ കുളിച്ച നീലിമയുടെ ശരീരവും...!!
Comments