കടുവക്കൂട്ടില്‍...! (ഒരു പ്രണയ കഥ)

കടുവ എന്നത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു എക്സ്-മിലിട്ടറി അദ്ദേഹം ആണ്.. നല്ല ഉയരം.. നല്ല തടി.. കറുത്ത നിറം.. ശരീരം മൊത്തം രോമങ്ങള്‍.. ശരിക്കും ഒരു ഭീകര രൂപം തന്നെ.. സ്വരം കേട്ടാല്‍ തന്നെ ആരും പേടിച്ചു പോകും.. കടുവ എന്നത് ഇരട്ട പേരാണ്.. ഇദ്ദേത്തിനാണേല്‍ മൂന്നു മക്കള്‍.. രണ്ടു പെണ്ണും ഒരു ആണും.. ആണിന്റെ കാര്യം അവിടെ നിക്കട്ടെ.. പെന്പില്ലെരുടെ കാര്യം പറയാം.. രണ്ടു പേരും അതിസുന്ദരികള്‍.. ഇളയവള്‍ ആണേല്‍ എന്റെ സമപ്രായക്കാരി.. പക്ഷെ കടുവയുടെ മക്കള്‍ ആണെന്നതിനാല്‍ ഒരുത്തനും ഈ പെന്പില്ലെരുടെ നേരെ തിരിഞ്ഞു നോക്കില്ല.. അതിനുള്ള ധൈര്യം ഇല്ല എന്ന് തന്നെ പറയാം.. ആരേലും എന്തേലും കമന്റ് അടിച്ചാല്‍ തന്നെ, അത് അടുത്തുള്ള കൂടുകാരുടെ ചെവിയില്‍ ആയിരിക്കും.. ഉറക്കെ പറയാന്‍ തന്നെ പേടി... ചുരുക്കം പറഞ്ഞാല്‍, കടുവയുടെ പെണ്മക്കള്‍ മാത്രം നാട്ടിലൂടെ ആരെയും പേടിക്കാതെ നടക്കും... കടുവ ആണെന്കില്‍ ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ ഒരു പലചരക്ക് കട നടത്തുന്നു..

ഞാന്‍ പല സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലം.. എന്റെ സമപ്രായക്കാരി, കടുവയുടെ രണ്ടാമത്തെ മോളും തൊട്ടടുത്ത്‌ ഒരു പാരലല്‍ കോളേജില്‍ പഠിക്കുന്നുണ്ട്.. എന്നും ഇങ്ങനെ കണ്ടു കണ്ടാവാം എനിക്കെന്തോ ഒരു ഇതു... എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് കാര്യം മനസ്സിലായല്ലോ അല്ലെ.. ?
കടുവയുടെ മകള്‍ ആയതിനാല്‍ എനിക്കീ കാര്യത്തില്‍ വല്യ മത്സരമൊന്നും ആരുടേയും ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.. അപകടം മുന്നില്‍ കണ്ടിട്ടാവാം എല്‍ ഐ സി പോളിസി വല്ലതും എടുത്തിട്ട് ഇതിനായിട്ടു ഇറങ്ങിത്തിരിക്കുന്നതല്ലേ അല്പം ബുദ്ധി, എന്ന് കൂടത്തില്‍ ചില വിവരം ഉള്ളവര്‍ ഉപദേശിക്കാതിരുന്നില്ല.... ഞാന്‍ എന്തായാലും അതിനൊന്നും മിനക്കെട്ടില്ല...

അങ്ങിനെ ഒരു ദിവസം, രാവിലെ ബസില്‍ കടുവക്കുട്ടി എന്റെ തൊട്ടു മുന്‍പിലെ സീറ്റില്‍ ഇരിക്കുന്നു... അഡ്ജസ്റ്റ് ചെയ്തു മൂന്നു പേര്‍ ഇരിക്കുന്ന സീറ്റില്‍ ഞാന്‍ നടുക്കിരിക്കുകയാണ്.. എന്റെ ഇഹലോക വാസം മതിയാക്കി പറഞ്ഞു വിടാന്‍ ധൃതിയുള്ള ചില അവന്മ്മാര്‍ അവസരം മുതലാക്കാന്‍ എന്റെ കാതില്‍ അറിയിപ്പ് തന്നു.. റിസ്ക് എടുക്കുന്നതിന്റെ ത്രില്ലില്‍ ആയ ഞാന്‍ ഞാന്‍ രണ്ടും കല്‍പ്പിച്ചു അവസരം വിനിയോഗിക്കാന്‍ തീരുമാനിച്ചു... മുന്‍ സീറ്റിന്റെ കംബിയിലേക്ക് ഞാന്‍ ചാഞ്ഞു കിടന്നപ്പോള്‍ കടുവക്കുട്ടിയുടെ ചെവിയിലേക്ക് എന്റെ ശബ്ദം ലൈവ് ആയിത്തന്നെ എത്താവുന്ന ഒരു പൊസിഷന്‍.. മൊത്തത്തില്‍ എല്ലാം ഒത്തു വന്ന പോലെ..

ഞാന്‍ പതുക്കെ അവളുടെ പേരു വിളിച്ചു... എന്റെ വിളി കേട്ടിട്ടാവം അവള്‍ ഒന്നു അനങ്ങി ഇരുന്നു... ഞാന്‍ എന്റെ ഹൃദയാഭിലാഷങ്ങള് അവളോട്‌ പങ്കു വച്ചു.. നീ എന്റെ കരളിന്റെ കുളിരാണ് എന്നും, നീ ഇല്ലാത്ത ജീവിതം എനിക്കെന്തോ ഇല്ലാത്ത എന്തോ പോലെ ആണെന്നും ഒക്കെ ശ്വാസം പോലും എടുക്കാതെ വച്ചു കാച്ചി.. .. (അല്ല ഇതിനിടയില്‍ ശ്വാസം എടുക്കുക തുടങ്ങിയ താരതമ്യേന അപ്രധാനമായ കാര്യങ്ങള്‍ ആരോര്‍ക്കാന്‍) എന്നിട്ടവസാനം ഇത്ര കൂടി പറഞ്ഞു... നിനക്കെന്നെ ഇഷ്ടം ആണെന്കില്‍ ബസില്‍ നിന്നിറങ്ങുമ്പോള്‍ എന്നെ നോക്കി ഒന്നു ചിരിച്ചു കാണിക്കണം.. അങ്ങനെ, അവള്ക്കിരങ്ങേണ്ട ബസ്സ് സ്റ്റോപ്പില്‍ എത്തി... ഒരു പ്രണയാര്‍ദ്രമായ പുഞ്ചിരി പ്രതീക്ഷിച്ചു നോക്കിയ എന്നെ അവള്‍ നോക്കി.. പക്ഷെ പുഞ്ചിരി ഇല്ല.. കത്തുന്ന കണ്ണുകള്‍.. "നിന്നെ ഞാന്‍ കാണിച്ചു തരാമെടാ" എന്നൊരു ഭാവത്തോടെ ആ നോട്ടം.. എനിക്കെന്തോ ഒരു പന്തി കേട് തോന്നി.. കടുവ, എല്‍ ഐ സി, കടുവയുടെ കൈപ്രയോഗം ഏറ്റു വാങ്ങി ദേഹമാസകലം പരിക്കുകളുമായി കിടക്കുന്ന ഞാന്‍ എന്നിങ്ങനെ കുറച്ചേറെ സിനിമാടിക് ദൃശ്യങ്ങള്‍ ഓരോന്നായി എന്റെ കണ്ണുകളില്‍ മിന്നി മറഞ്ഞു..

വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ അമ്മ വിളിച്ചു പറയുന്നു... മോനേ പഞ്ചസാര തീര്ന്നു പോയി.. കടയില്‍ പോവണം... എന്റെ ഉള്ളൊന്നു കാളി.. ഒരിക്കല്‍ കൂടി മേല്‍പ്പറഞ്ഞ സിനിമടിക് ദൃശ്യങ്ങള്‍ എന്റെ കണ്ണുകളില്‍ മിന്നി മറയുന്നു.. കടയില്‍ പോവുക എന്ന് പറഞ്ഞാല്‍ കടുവയുടെ കൂട്ടിലേക്ക് എന്നാണ് അര്ത്ഥം..അടുത്തെങ്ങും വേറെ കടയില്ല. പോകാതിരിക്കാന്‍ പറയാന്‍ പറ്റിയ ഒരു കാരണവും കിട്ടുന്നില്ല... ഈ ശനിദെശ എന്നൊക്കെ പറയുന്നതു ഇതാവും എന്ന് എനിക്ക് അന്നാണു ശരിക്കും മനസ്സിലായത്.. "അറിയാതെ ആണെന്കിലും മകനെ കൊലക്ക് കൊടുക്കുന്ന ഒരമ്മയായി മാറാന്‍ അമ്മക്ക് ആഗ്രഹമുണ്ടോ അമ്മേ .." എന്ന് അമ്മയോട് ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ എന്തോ കഴിഞ്ഞില്ല.. ഒരു അന്ത്യ യാത്രാമൊഴി എന്ന പോലെ "ഞാന്‍ കടയില്‍ പോകുവാ അമ്മേ.." എന്ന് നീട്ടി വിളിച്ചുപരഞ്ഞുകൊണ്ട് ഞാന്‍ കടയിലേക്ക് പോയി...

കടയില്‍ ചെന്നപ്പോള്‍ ഞാന്‍ നോക്കി കടുവ അകത്തുണ്ട്.. എന്തോ കണക്കെഴുതുക ആണ്.. ഞാന്‍ പതുക്കെ, വില്പനക്കാരന്‍ പിള്ള ചേട്ടനോട് ആവശ്യം പറഞ്ഞു, പഞ്ചസാര വാങ്ങി കാശും കൊടുത്തു രക്ഷപെട്ടല്ലോ എന്ന് ഓര്ത്തു പഞ്ചസാര കൂടുമായി തിരിഞ്ഞു നടക്കാന്‍ ആഞ്ഞതും പിന്നില്‍ നിന്നു ഒരു വിളി...

"എടാ.... "
കടുവ വിളിച്ചതാണ് എന്നെ.. ഒരു തരിപ്പ് കാലുകളില്‍ നിന്നും മേല്‍പ്പോട്ടു കയറിവരുന്നു.. കണ്ണുകളില്‍ വീണ്ടും മേല്‍പ്പറഞ്ഞ സിനിമാറ്റിക് ദൃശ്യങ്ങള്‍.. ഒരു നിമിഷം ഓടി രക്ഷപെട്ടാലോ എന്ന് ഞാന്‍ ആലോചിച്ചു.. പക്ഷെ കാലൊന്നും ചലിക്കുന്നില്ല.. കാലുകള്‍ മണ്ണില്‍ പുതഞ്ഞു പോയ പോലെ... രണ്ടും കല്‍പ്പിച്ചു ഞാന്‍ തിരിഞ്ഞു നോക്കി..

"നീ ഇങ്ങു കയറി വാ... " കടുവ അലറുന്നത് പോലുള്ള ആ ശബ്ദം വീണ്ടും..
എനിക്കൊരു കാര്യം ഉറപ്പായി.. എന്നെ അകത്തിട്ടു കൈകാര്യം ചെയ്യാനാണ് പുള്ളിയുടെ പ്ലാന്‍.. ദുഷ്ടയായ കടുവക്കുട്ടി എല്ലാം കടുവയോട് പറഞ്ഞു കഴിഞ്ഞു ... ഇനി രക്ഷ ഇല്ല... എന്നെ ഇന്നിയാള് ശരിയാക്കിയത് തന്നെ... ഓടി രക്ഷപെടണമെങ്കില്‍ അതിന് പോലും ഒരു ധൈര്യം ഒക്കെ വേണം എന്ന് അന്നാണ് എനിക്ക് മനസ്സിലായത്.. എനിക്കാണേല്‍ അത് പോലും ഇല്ലാത്ത അവസ്ഥ.. ഞാന്‍ അകത്തു കയറിയാല്‍ ഉടനെ വില്പനക്കാരന്‍ ചേട്ടനോട് ഷട്ടര്‍ ഇടാന്‍ കടുവ ഓര്‍ഡര്‍ കൊടുക്കും എന്നുള്ള പ്രതീക്ഷയോടെ ഞാന്‍ അകത്തേക്ക് പതുക്കെ പതുക്കെ കയറിചെന്നു.. അല്ലേലും, അടിവങ്ങാന്‍ ആരാ ഓടി ചെല്ലുക.. .. എന്തായാലും ഷട്ടര്‍ ഇടാനുള്ള ഓര്‍ഡര്‍ ഉണ്ടായില്ല..... തൊണ്ട വരളുക,
കാല്‍ വിറയ്ക്കുക, മുട്ട് കൂടിയിടിക്കുക, ഇത്യാദി സംഭവങ്ങള്‍ ജീവിതത്തില്‍ ആദ്യമായി എന്താണ് എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു.


അങ്ങിനെ ഞാന്‍ കടുവക്കൂട്ടില്‍ കടുവയുമായി മുഖഭിമുഖം.. നില്‍ക്കുക ആണ്...
"നിന്നെ എന്തിനാടാ വിയര്‍ക്കുന്നത്..?" കടുവയുടെ ചോദ്യം..
"അത് ഞാന്‍ ഓടി വന്നത് കൊണ്ടാവും.... " എന്റെ വിറയാര്‍ന്ന ഭവ്യത ആര്ന്ന ഉത്തരം..
"നീ സെന്റ് തോമസില്‍ അല്ലെ പഠിക്കുന്നത്... " അടുത്ത ചോദ്യം..

കടുവ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയിട്ട് കാര്യത്തോട് അടുക്കുക ആണ്.. എന്തിനാ ഇത്ര ഫോര്‍മാലിറ്റി, തരാനുള്ളത്‌ ഇങ്ങു തന്നാല്‍ പോരെ.. ഞാന്‍ അതുംകൊണ്ട് പൊയ്ക്കോളാം, എന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കാതിരുന്നില്ല..

"അതെ"... എന്റെ ഉത്തരം.. ശബ്ദം ശരിക്കും പുറത്തേക്ക് വരുന്നില്ലാത്തത് പോലെ..
കടുവ ചാടി എണീക്കാത്തതും എന്നെ കൈകാര്യം ചെയ്യാന്‍ തുടങ്ങാത്തതും എന്തെ എന്നെനിക്കൊരു സംശയം തോന്നാതിരുന്നില്ല.. തല്ലു വാങ്ങാന്‍ എനിക്കെന്തോ ഒരു ധൃതി പോലെ.. എന്തായാലും കിട്ടും എന്ന് ഉറപ്പായി... എന്നാല്‍ പിന്നെ അത് ഇങ്ങു വേഗം പോരട്ടെ.. എന്നായിരുന്നു എന്റെ ചിന്ത!

"നിങ്ങളുടെ ബുക്ക് സ്ടാളില്‍ നിന്നും ഒരു പുസ്തകം വാങ്ങി തരണം... സെകന്റ് ഇയര്‍ പ്രി-ഡിഗ്രീ ക്കാരുടെ കോമേഴ്സിന്റെ പുസ്തകം.. " കടുവയുടെ വാക്കുകള്‍..
കുറച്ചു നേരമായി ശ്വാസം എടുക്കല്‍ നിറുത്തി വച്ചിരുന്ന ഞാന്‍ ഒരു ആറേഴെണ്ണം ഒരുമിച്ചെടുത്ത് ജീവന്‍ വീണ്ടും പൂര്‍വ അവസ്ഥയില്‍ ആക്കി... എന്തൊരു ആശ്വാസം... കരണ്ട് കട്ട് കഴിഞ്ഞു വീണ്ടും ലൈറ്റ് തെളിയുമ്പോള്‍ ഒരു സന്തോഷം തോന്നില്ലേ, അതുപോലെ... ഒപ്പം കടുവക്കുട്ടി എന്റെ ലീലാവിലാസങ്ങള്‍ പറഞ്ഞു കൊടുത്തില്ല എന്നോര്‍ത്തപ്പോള്‍ അതിലും സന്തോഷം... കടുവക്കുട്ടിക്കെന്റെ തീര്‍ത്താല്‍ തീരാത്ത നന്ദി.. നേരത്തെ ഞാന്‍ മനസ്സില്‍ എങ്കിലും അവളെ ഒരു ദുഷ്ട കഥാപാത്രമായി കരുതിയതില്‍ അഗാധമായ പശ്ചാത്താപം മനസ്സില്‍ തന്നെ രേഖപ്പെടുത്തി ഞാന്‍ തിരികെ വീട്ടിലേക്ക്..!

NB.: പുസ്തക വാര്ത്ത അറിഞ്ഞ ചിലര്‍ എന്നെ പുസ്തകത്തില്‍ വച്ചു ലവ് ലെറ്റര്‍ കൊടുക്കുക എന്നൊരു അതി പുരാതന രീതിക്ക് പ്രേരിപ്പിചെന്കിലും, വീണ്ടും ഒരിക്കല്‍ കൂടി കടുവക്കൂട്ടില്‍ കയറേണ്ടി വന്നാലുള്ള അവസ്ഥയെ ഓര്ത്തു ഞാന്‍ അതിന് തുനിഞ്ഞില്ല.. തല്ലു കിട്ടിയില്ലെന്കിലും ആ അനുഭവം വീണ്ടും ഒരിക്കല്‍ കൂടി ആവര്തിക്കപ്പെടാന്‍ മാത്രം സുഖകരം ആയിരുന്നില്ല. കടുവക്കുട്ടി പിന്നീട് എന്നെങ്കിലും എന്നെ നോക്കി പുഞ്ചിരിക്കും എന്ന് ഞാന്‍ പ്രതീക്ശിച്ചിരുന്നു.. പക്ഷെ അതും ഉണ്ടായില്ല... ! വീണ്ടും ഒരു ശ്രമം നടത്താനുള്ള തന്റേടം... അതും ഉണ്ടായിരുന്നില്ല.. പിന്നീട് ആരെ എങ്കിലും ഒന്നു ലൈന്‍ അടിച്ചുകളയാം എന്ന് തോന്നിയാലും, അപ്പന്‍, ആങ്ങള തുടങ്ങിയ അടുത്ത ബന്ധുക്കളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുകൂടി അന്വേഷിക്കണം എന്നത് ഒരു ജീവിത പാഠമായി അവശേഷിച്ചിരുന്നു എന്ന് തന്നെ പറയാം.. അതുകൊണ്ട് ഒക്കെ ആവാം.. ഞാനിപ്പോള്‍ ഒരു കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കുന്നു... ശരീരത്തിന് കേടുപാടുകള്‍ ഒന്നും ഇല്ലാത്തെ തന്നെ..

Comments

ചാത്തനേറ്: “നല്ല തടി.. കറുത്ത നിറം.. ശരീരം മൊത്തം രോമങ്ങള്‍.. ശരിക്കും ഒരു കടുവ തന്നെ” --- ഛായ് അതല്ലേ കരടി!!!!
കുട്ടിച്ചാത്താ.. കാര്യം ശരി ആണ്... കരടി എന്ന് തന്നെ ആണ് നമ്മുടെ കക്ഷിക്ക് ചേരുക.. പക്ഷെ, എന്തോ പുള്ളീടെ വിളിപ്പേരു കടുവ എന്ന് തന്നെ ആയിരുന്നു.. എന്തായാലും ഞാന്‍ കഥയില്‍ ചെറിയൊരു തിരുത്ത്‌ കൊടുത്തു ആ ഭാഗം ക്ലിയര്‍ ആക്കി.. വായിക്കുന്നവര്‍ക്ക് ഒരു വശപ്പിശക് തോന്നരുതല്ലോ.. അഭിപ്രായത്തിന് ഒത്തിരി നന്ദി.. ഒപ്പം കമന്റിയതിനും.. !!!
മനോഹരമായിരിക്കുന്നു, ആശംസകൾ
കടുവയുടെ പിന്‍ഗാമിയാവാനുള്ള അവസരം തൊലച്ചൂ..പോട്ടെ സാരല്യ. ജീവന്‍ തിരിച്ചുകിട്ടിയല്ലോ..
കടുവ ചാടി എണീക്കാത്തതും എന്നെ കൈകാര്യം ചെയ്യാന്‍ തുടങ്ങാത്തതും എന്തെ എന്നെനിക്കൊരു സംശയം തോന്നാതിരുന്നില്ല.. തല്ലു വാങ്ങാന്‍ എനിക്കെന്തോ ഒരു ധൃതി പോലെ.. എന്തായാലും കിട്ടും എന്ന് ഉറപ്പായി... എന്നാല്‍ പിന്നെ അത് ഇങ്ങു വേഗം പോരട്ടെ.. എന്നായിരുന്നു എന്റെ ചിന്ത!

ചിരിച്ചു വീണു..നല്ല ശൈലി...ആശംസകള്‍
പിന്നേയ്, ഇപ്പോ നാട്ടിലൊന്നും പോവാറില്ലേ
എന്നിട്ടിപ്പോള്‍ ആ കടുവക്കുട്ടി എന്തു ചെയ്യുന്നു, അവളും ഒരു കല്യാണമൊക്കെ കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടാവും. അല്ലേ?
എഴുത്തുകാരീ ..... കടുവക്കുട്ടി എന്തായാലും ഏതേലും ഒരുത്തനെ കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കുന്നുണ്ടാവും.. ഞാന്‍ രണ്ടു വര്ഷം മുന്പ് വീട് മാറിയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല..

Popular posts from this blog

ഞാനും ഒന്നു കരഞ്ഞോട്ടെ...!!!

അഭയ കേസ്!

മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???